അധിനിവേശത്തിന്‍റെ 365 ദിനങ്ങള്‍; അതിജീവിക്കുമോ ഗസ്സ?

അഭയാര്‍ഥി ക്യാമ്പുകളും സ്കൂളും ആശുപത്രികളും ലക്ഷ്യമാക്കി ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

Update: 2024-10-07 03:48 GMT
Advertising

വിശന്നു വലഞ്ഞ് ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍.. ഒരിറ്റ് വെള്ളത്തിനായി, ഒരു തുള്ളി മരുന്നിനായി നെട്ടോട്ടമോടുന്നവര്‍... യുദ്ധത്തില്‍ മുറിവേറ്റവരുടെ രോദനങ്ങള്‍...ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍...തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍...കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട് ഇനി എന്തുചെയ്യുമെന്നറിയാതെ പ്രതീക്ഷയും സ്വപ്നങ്ങളും നഷ്ടപ്പെട്ട ഒരു ജനത. കഴിഞ്ഞ 365 ദിവസമായി ഗസ്സ ഇങ്ങനെയാണ്...അവര്‍ക്കു മുന്നില്‍ പ്രതീക്ഷിക്കാനൊന്നുമില്ല. എവിടെയും ഇസ്രായേലിന്‍റെ തീ തുപ്പിയ ആക്രമണത്തിന്‍റെ ബാക്കിപത്രങ്ങള്‍ മാത്രം. എപ്പോഴാണ് എവിടെ നിന്നാണ് ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലുകളും ബോംബുകളും തങ്ങള്‍ക്ക് മേല്‍ വന്നുവീഴുക എന്നറിയാതെ തള്ളിനീക്കുന്ന രാപകലുകള്‍...വംശഹത്യ ലക്ഷ്യം വച്ചുള്ള ഇസ്രായേലിന്‍റെ നിരന്തരമായ ആക്രമണങ്ങളില്‍ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ഗസ്സ.

കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍

അഭയാര്‍ഥി ക്യാമ്പുകളും സ്കൂളും ആശുപത്രികളും ലക്ഷ്യമാക്കി ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് . വീടുകളെപ്പോലും സൈന്യം വെറുതെ വിടുന്നില്ല. ഗസ്സയിലെ മരണത്തിന്‍റെയും വിനാശങ്ങളുടെയും തോത് ഞെട്ടിക്കുന്നതാണ്. ഇതുവരെ 41,900ത്തോളം പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മരണസംഖ്യ 41,870 ആണ്. ഗസ്സയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്. 100,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ് ക്കൊണ്ടിരിക്കുന്നത്.കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കാണാതായവരുടെ എണ്ണം ഏകദേശം 10,000 വരും.

സാധാരണക്കാരെപ്പോലും നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന ഇസ്രായേല്‍ ഫലസ്തീനികളുടെ മൃതദേഹങ്ങളെ പോലും വെറുതെ വിടുന്നില്ല. ഖബാതിയ നഗരത്തിലെ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് മൃതദേഹങ്ങള്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ ചവിട്ടി താഴെയിടുന്ന ദൃശ്യങ്ങള്‍ ലോകം ഞെട്ടലോടെയാണ് കണ്ടത്.

ഈയിടെ ഫലസ്തീനികളുടെ തിരിച്ചറിയാത്ത 88 മൃതദേഹങ്ങള്‍ ഇസ്രായേല്‍ കണ്ടെയ്നറില്‍ ഗസ്സയിലേക്ക് അയച്ചിരുന്നു. എന്നാല്‍ മരിച്ചവരെക്കുറിച്ച് പൂര്‍ണവിവരങ്ങള്‍ നല്‍കാതെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. മൃതദേഹങ്ങള്‍ തിരിച്ചറിയാനാത്ത വിധത്തില്‍ ജീര്‍ണിച്ചവയായിരുന്നുവെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ പോലും സ്ഥലമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 7ന് ശേഷം ദിനംപ്രതി എണ്ണമറ്റ മൃതദേഹങ്ങളാണ് ഖബറടക്കുന്നത്. സംസ്കരിക്കാന്‍ സ്ഥലമില്ലാതെ കൂട്ടക്കുഴിമാടമൊരുക്കുന്ന സങ്കടകരമായ കാഴ്ച്ചക്കും ഗസ്സയുടെ മണ്ണ് സാക്ഷിയാകുന്നുണ്ട്.

ലക്ഷക്കണക്കിന് ഫലസ്തീനികളാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗസ്സയില്‍ നിന്നും പലായനം ചെയ്തത്. സ്വന്തം നാടും വീടും വിട്ട് ജീവനും കൊണ്ടോടുന്ന സാധാരണക്കാരും ഇസ്രായേലിന്‍റെ ചോരക്കൊതിക്ക് ഇരയായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സുരക്ഷിതമായ ഇടങ്ങൾ ഉറപ്പാക്കാതെ ഗസ്സ മുനമ്പിൽ കൂട്ടമായി പലായനം ചെയ്യുന്നതിനുള്ള (അധിനിവേശത്തിലൂടെ) ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ലക്ഷക്കണക്കിന് ആളുകളുടെ ഇതിനകം മോശമായ മാനുഷിക സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നുവെന്ന് എന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) അറിയിച്ചു.

തീരാവേദനയായി ഗസ്സയിലെ കുഞ്ഞുങ്ങള്‍

21-ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങള്‍ക്കാണ് ഗസ്സ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.  ഇസ്രായേലിന്‍റെ രക്തക്കൊതിയില്‍ പിഞ്ചുകുഞ്ഞുങ്ങളും ഇരയായി. യുദ്ധങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ലോകത്തൊരിടത്തും ഇത്രയധികം സ്ത്രീകളും കുട്ടികളും ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ആഗോള മാനുഷിക സംഘടനയായ ഓക്‌സ്ഫാമിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 6,000ത്തിലധികം സ്ത്രീകളും 17,000ത്തിലധികം കുട്ടികളുമാണ് ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 2,955 വയോജനങ്ങളും ഇതിലുള്‍പ്പെടും. ഇതില്‍ തന്നെ 171 നവജാത ശിശുക്കളുണ്ട്. മരിച്ചവരില്‍ 710 കുഞ്ഞുങ്ങള്‍ ഒരു വയസിന് താഴെയുള്ളവരാണ്. ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മോള്‍ ആംസ് സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം 2004-2021 വരെയുള്ള കാലയളവില്‍ 2016ല്‍ ഇറാഖിലാണ് ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെട്ടത്. ഇറാഖ് യുദ്ധത്തില്‍ 2600 സ്ത്രീകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.


ഒരു ആക്രമണമുണ്ടായാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ പേരുകള്‍ ശരീരത്തില്‍ എഴുതുന്ന നെഞ്ചുലക്കുന്ന കാഴ്ചക്കും ഗസ്സ സാക്ഷ്യം വിഹിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഒസ്യത്ത് എഴുതാന്‍ അവര്‍ പ്രാപ്തരായിരിക്കുന്നു. തങ്ങള്‍ മരിച്ചാല്‍ എന്തു ചെയ്യണമെന്ന് ഗസ്സയിലെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ച കുഞ്ഞുങ്ങളാകട്ടെ യുദ്ധം ഏല്‍പ്പിച്ച മാനസികവും ശാരീകവുമായ ആഘാതത്തിലാണ്. അവരില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവരുണ്ട്, മാരകമായി പരിക്കേറ്റ് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വിഷമിക്കുന്നവരുണ്ട്..അധിനിവേശം ഗസ്സയോട് ചെയ്യുന്ന ക്രൂരതക്ക് കയ്യും കണക്കുമില്ല. ഗസ്സയിലെ 25,000ത്തിലധികം കുട്ടികള്‍ പിതാവിനെയോ മാതാവിനെയോ നഷ്ടപ്പെട്ടവരോ അല്ലെങ്കില്‍ രണ്ടുപേരെയും നഷ്ടപ്പെട്ട് അനാഥരായവരാണെന്ന് വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജുസൂറിലെ ഡോക്ടറായ ഉമയ്യ ഖമ്മാഷ് പറയുന്നു. ഇടതടവില്ലാതെയുള്ള ഇസ്രായേലിന്‍റെ ബോംബാക്രമണത്തില്‍ ഗസ്സയിലെ കുഞ്ഞുങ്ങളുടെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും പോഷാകാഹാരവും പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ബാല്യം യുദ്ധഭൂമിയില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്.

യുദ്ധം തുടങ്ങിയത് മുതല്‍ പ്രതിദിനം 200 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ സംഘടനകളുടെയും ഗസ്സയിലെ ആരോഗ്യ മന്ത്രാലത്തിന്‍റെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഗസ്സയില്‍ 80% കുട്ടികള്‍ മാനസികമായ ദുരിതം പേറുന്നവരാണെന്നും സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയുടെ പഠനത്തില്‍ പറയുന്നു. രണ്ടു വര്‍ഷത്തോളമായി ഗസ്സയിലെ കുഞ്ഞുങ്ങള്‍ സ്കൂള്‍ കണ്ടിട്ട്. ഇസ്രായേല്‍ ക്രൂരതയില്‍ അവരുടെ സ്കൂളുകളും നാമാവശേഷമായിരുന്നു. ദീര്‍ഘകാലം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു സമൂഹത്തെ തന്നെ സാരമായി ബാധിക്കുമെന്ന് മാനുഷിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലെ 625,000 കുട്ടികള്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗസ്സയിലെ 90% സ്‌കൂൾ കെട്ടിടങ്ങളും ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇവയില്‍ പലതും ഫലസ്തീനികൾക്കായുള്ള യുഎൻ ഏജൻസിയായ UNWRA യുടെ കീഴിലാണ്. ഭൂരിഭാഗം സ്കൂളുകളും 85 ശതമാനവും തകര്‍ന്നതിനാല്‍ വലിയ പുനര്‍നിര്‍മാണം തന്നെ ആവശ്യമാണ്. അവ വീണ്ടും ഉപയോഗയോഗ്യമാക്കുന്നതിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. ഹമാസ് സംഘം സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ സ്കൂളുകളെ ലക്ഷ്യം വച്ചത്. ഗസ്സയിലെ സര്‍വകലാശാലകളും ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 124 സർക്കാർ സ്കൂളുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. 62 ലധികം സർക്കാർ സ്കൂളുകൾ പൂർണമായും നശിപ്പിക്കപ്പെടുകയും 126 സർക്കാർ സ്കൂളുകൾ ബോംബാക്രമണത്തില്‍ തകരുകയും ചെയ്തു. യുനിസെഫും മറ്റ് സഹായ ഏജൻസികളും ചേര്‍ന്ന് 175 താല്‍ക്കാലിക പഠന കേന്ദ്രങ്ങള്‍ ഗസ്സയില്‍ നടത്തുന്നുണ്ട്. മേയ് അവസാനം ആരംഭിച്ച ഈ സ്കൂളുകളില്‍ ഏകദേശം 30,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും 1200 ഓളം അധ്യാപകരുണ്ടെന്നും യുനിസെഫിൻ്റെ പ്രാദേശിക വക്താവ് ടെസ് ഇന്‍ഗ്രാം വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ് ആരോഗ്യ മേഖല

യുദ്ധം ഗസ്സയിലെ മനുഷ്യരെ മാത്രമല്ല ഇല്ലാതാക്കിയത് ആശുപത്രി അടക്കമുളള മെഡിക്കല്‍ സംവിധാനങ്ങളെയും അടിമുടി തകര്‍ത്തുകളഞ്ഞു. ആശുപത്രികള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഗസ്സയിലെ 36 ആശുപത്രികളിൽ 17 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായി പ്രവർത്തിക്കുന്നത്. വെസ്റ്റ്ബാങ്കിൽ 60 ആശുപത്രികളിൽ 42 എണ്ണം പൂർണമായും പ്രവർത്തനക്ഷമമാണ്. ബാക്കി 18 എണ്ണം ഭാഗികമായി പ്രവർത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗസ്സയിലെ ആശുപത്രികള്‍ രോഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവത്ത വിധം തിങ്ങിഞെരുങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ഗസ്സയിൽ ആശുപത്രി കിടക്കകളുടെ എണ്ണം ഒക്‌ടോബർ 7-ന് മുമ്പ് 3,500 ആയിരുന്നത് വെറും 1,400 ആയി കുറഞ്ഞു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഇല്ലാത്തതിനാല്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യാനോ മാറാവ്യാധികള്‍ക്ക് ശരിയായ പരിചരണ നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ്.


കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സ സിറ്റിയിലെ അല്‍-അഹ്‍ലി അല്‍ അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച സംഭവവമുണ്ടായിട്ടുണ്ട്. 2023 ഒക്‌ടോബർ 7 മുതൽ ആരോഗ്യ പ്രവർത്തകർ, രോഗികൾ, ആശുപത്രികൾ, മറ്റ് മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയ്‌ക്കെതിരെ 1000-ലധികം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് (PHR) വ്യക്തമാക്കുന്നു. ഇത് കെട്ടിടങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല സാധാരണക്കാര്‍ക്ക് ആരോഗ്യ സേവനം നിഷേധിക്കുന്ന നടപടി കൂടിയായിരുന്നുവെന്ന് PHR മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക ഗവേഷകൻ ഹുസാം അൽ-നഹ്ഹാസ് പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷത്തിനിടയില്‍ 986 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ റിപ്പോര്‍ട്ട്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലായി 1,043 ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഡബ്ള്യൂഎച്ച്ഒയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 128 ആരോഗ്യ പ്രവർത്തകരെങ്കിലും ഇസ്രായേലിന്‍റെ തടങ്കലലിലാണ്.

അടിക്കടിയുള്ള ആക്രമണങ്ങള്‍ ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കുകയും അതിന്‍റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികളും ഗസ്സയില്‍ പടരുകയാണ്. ശുദ്ധജലം, ശുചിത്വം, എന്നിവയുടെ അഭാവം വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ലോകാരോഗ്യ സംഘന വ്യക്തമാക്കുന്നു. ഗസ്സയിലുടനീളം മാലിന്യം കുമിഞ്ഞുകൂടുന്നതും രോഗവ്യാപനത്തിന് കാരണമായി. ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഗസ്സയിലുടനീളമുള്ള ജനവാസ മേഖലയിലും പരിസരത്തും കുമിഞ്ഞുകൂടിയിരിക്കുന്നത്. ഇത് വിനാശകരമായ പാരിസ്ഥിതികവും ആരോഗ്യപരമായ അപകടസാധ്യതകൾ ഉയർത്തുന്നുവെന്ന് അഭയാർഥികൾക്കായുള്ള ഒരു ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പട്ടിണിമരണങ്ങള്‍ കൂടുന്നു

ഭക്ഷണത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുന്ന സ്ത്രീകളും കുട്ടികളും...എപ്പോഴെങ്കിലും വരുന്ന ട്രക്കിന് പിന്നാലെ കൂട്ടമായി ഓടുന്ന ആയിരങ്ങള്‍..ചിലപ്പോള്‍ ഒന്നും കിട്ടില്ല..വെറുംവയറുമായി ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാനായിരിക്കും വിധി. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന നിസ്സഹായരായ ജനതയെയാണ് അധിനിവേശ രാഷ്ട്രം ലക്ഷ്യം വയ്ക്കുന്നത്. പട്ടിണിയെ ഇസ്രായേൽ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംവിധാനത്തെ ലക്ഷ്യമിടുന്നത് ഒരു ജനതക്കെതിരായ വംശഹത്യക്ക് തുല്യമാണ്. വടക്കന്‍ ഗസ്സയില്‍ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഭക്ഷണത്തിന്‍റെ അഭാവം ശിശുമരണത്തിനും പോഷകാഹാരക്കുറവിനും കാരണമാകുന്നു.

വടക്കന്‍ ഗസ്സയില്‍ ഏകദേശം 3,00000 ആളുകള്‍ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെയാണ് ജീവിക്കുന്നത്. മൃഗങ്ങളുടെ ഭക്ഷണം പോലും ആഹാരമാക്കേണ്ട അവസ്ഥ. ഗസ്സ മുനമ്പില്‍ 576,000 പേരെങ്കിലും - ജനസംഖ്യയുടെ നാലിലൊന്ന് - ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വിനാശകരമായ തലങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും വടക്ക് രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളിൽ ഒരാൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഭക്ഷണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, മരുന്നുകളുടെ അഭാവം എന്നിവ മൂലം 36 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി.

"നിർബന്ധിത കുടിയൊഴിപ്പിക്കലിലും കഠിനമായ ജീവിതസാഹചര്യങ്ങളിലു ഗസ്സയിലെ കുടുംബങ്ങള്‍ ക്ഷീണിതരാണ്. മുന്നോട്ടുള്ള ജീവിതത്തെ സഹായിക്കുന്ന ഒന്നും അവര്‍‌ക്കു മുന്നിലില്ല'' UNRWA യുടെ കമ്മ്യൂണിക്കേഷൻ ഓഫീസർ ലൂയിസ് വാട്ടറിഡ്ജ് പറയുന്നു. ഗസ്സയിലെ ജനസംഖ്യയുടെ 96 ശതമാനം(2.1 ദശലക്ഷം) ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടിമുടി തകര്‍ന്ന് ഗസ്സ

ഒരു വര്‍ഷമായി തുടരുന്ന യുദ്ധം ഗസ്സയെ ആകെ തകര്‍ത്തുതരിപ്പണമാക്കിയിരിക്കുകയാണ്. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. ഗസ്സയിലുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് ഏകദേശം 18.5 ബില്യണ്‍ ഡോളര്‍ വരുമെന്ന് ലോകബാങ്കിൻ്റെയും ഐക്യരാഷ്ട്രസഭയുടെയും സംയുക്ത റിപ്പോർട്ടില്‍ പറയുന്നു. അടിസ്ഥാന മേഖലയിലുണ്ടായ കേടുപാടുകള്‍ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്നതാണ്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് 26 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. അവ നീക്കം ചെയ്യാനും വർഷങ്ങൾ എടുത്തേക്കാം. കൂടാതെ ശുദ്ധജല,ശുചീകരണ സംവിധാനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. അവരുടെ സേവനങ്ങളുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കടന്നുപോകാന്‍ പരിമിതമായ ജലവിഹിതത്തെ ആശ്രയിക്കാൻ ഗസ്സക്കാര്‍ നിര്‍ബന്ധിതരാകുന്നു.


വൈദ്യുതി ശൃംഖലകളെയും സൗരോർജ ഉൽപാദന സംവിധാനങ്ങളെയും ആക്രമണം സാരമായി ബാധിച്ചു. 92% പ്രധാന റോഡുകളും നശിപ്പിക്കപ്പെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുണ്ട്. ഇത് ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനെ ബാധിക്കുന്നു. ഗസ്സ മുനമ്പില്‍ ഇതുവരെ 163,778 കെട്ടിടങ്ങൾ തകര്‍ക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കരഞ്ഞു കരഞ്ഞ് കണ്ണീര്‍ തോര്‍ന്ന് ഗസ്സയിലെ അമ്മമാര്‍

യുദ്ധം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗസ്സയിലെ അമ്മമാരെയും സ്ത്രീകളെയുമാണ്. കണ്‍മുന്നില്‍ പ്രിയപ്പെട്ടവര്‍ ഇല്ലാതെയാകുന്ന കാഴ്ച കണ്ട് നെഞ്ച് പൊട്ടിക്കരയാന്‍ വിധിക്കപ്പെട്ടവര്‍. പത്ത് മാസം ഉദരത്തില്‍ കൊണ്ടുനടന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ ഗര്‍ഭത്തിലെ കുഞ്ഞ് മരിച്ചവര്‍... ഇസ്രായേലിന്‍റെ ക്രൂരതയുടെ ആഴം ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് ഗസ്സയിലെ അമ്മമാരുടെ പ്രതീക്ഷയറ്റ മുഖങ്ങളിലാണ്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേല്‍ തുടരുന്ന കൂട്ടക്കൊലയില്‍ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വുമണ്‍ പഠനം വ്യക്തമാക്കുന്നു. ആക്രമണം ആരംഭിച്ചശേഷം 20,000ത്തോളം കുഞ്ഞുങ്ങളാണ് ഗസ്സയിൽ പിറന്നതെന്ന് യുണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ടെസ് ഇൻഗ്രാം ജനീവയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഗസ്സയിൽ ഗർഭം അലസലുകൾ 300 ശതമാനം വർധിച്ചതായാണ് കണക്ക്. തുടർച്ചയായ ആക്രമണം ഗർഭഛിദ്രങ്ങൾക്കും ഗർഭകാല വൈകല്യങ്ങൾക്കും കാരണമാകുന്നു. ആക്രമണങ്ങൾ, ഗർഭകാല പരിചരണക്കുറവ്, മലിനജലം, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ്, ശരീരഭാരം കുറയൽ, പട്ടിണി എന്നിവയെല്ലാം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രസവത്തിനു മുന്‍പും ശേഷവും മതിയായ വൈദ്യസഹായം, പോഷകാഹാരം, പരിപാലനം എന്നിവയുടെ കാര്യത്തില്‍ ഗസ്സയിലെ അമ്മമാര്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുണ്ടെന്നും ഇന്‍ഗ്രാം വെളിപ്പെടുത്തി. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അവരുടെ കുഞ്ഞുങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ വെള്ളമോ പോഷാകാഹാരമോ ഇല്ലാതെ കഴിച്ചുകൂട്ടുകയാണെന്നും ഇന്‍ഗ്രാം പറയുന്നു.

മാധ്യമപ്രവര്‍ത്തകരുടെ കൊലക്കളം

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുമ്പോഴും യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 12 മാസത്തിനിടെ 138 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ)ന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരിൽ 128 പേർ ഫലസ്തീൻകാരും അഞ്ച് ലെബനീസുകാരും നാല് ഇസ്രായേലികളും ഒരു സിറിയക്കാരനുമാണ്. ഈ മരണസംഖ്യ പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്.


''ജീവന്‍ പോലും തൃണവത്ക്കരിച്ചാണ് ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. യുദ്ധഭൂമിയിലെ നടുക്കുന്ന സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ സ്വജീവനാണ് അവര്‍ക്ക് പകരം കൊടുക്കേണ്ടി വരുന്നത്. മതിയായ സുരക്ഷയോ ആവശ്യമായ ഉപകരണങ്ങളോ ഭക്ഷണമോ ഇല്ലാതെ അവര്‍ ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു'' കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസിറ്റ്സിന്‍റെ (സിപിജെ) പ്രോഗ്രാം ഡയറക്ടര്‍ കാർലോസ് മാർട്ടിനെസ് ഡി ലാ സെർന പറഞ്ഞു. ഓരോ ദിവസവും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ നാട് വിടാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുന്നുണ്ട്. ഗസ്സയിലെ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്(RSF) അന്താരാഷ്ട്ര കോടതിയില്‍ രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News