മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടന്ന ചർച്ച ഊഷ്മളമായിരുന്നെന്നും നിരവധി വിഷയങ്ങൾ ചർച്ചയായെന്നും പ്രധാനമന്ത്രി പറഞ്ഞു
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടന്ന ചർച്ച ഊഷ്മളമായിരുന്നെന്നും നിരവധി വിഷയങ്ങൾ ചർച്ചയായെന്നും പ്രധാനമന്ത്രി പറഞ്ഞു. വത്തിക്കാൻ പാലസിൽ നരേന്ദ്രമോദിയും മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു.
മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചക്കു ശേഷം ജി 20 ഉച്ചകോടി വേദിയിലെത്തിയ മോദിയെ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി സ്വീകരിച്ചു.
12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഇറ്റലി സന്ദർശനം കൂടിയാണിത്.
ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാനായിട്ടാണ് മോദി കഴിഞ്ഞ ദിവസം റോമിലെത്തിയത്. 30,31 തിയതികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും സമ്മേളനത്തിൽ പ്രധാനചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തിൽ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പങ്കുവെക്കും.