ഇസ്രായേലിന്‍റെ പതനം തുടങ്ങിയോ? തീ അണയ്ക്കാൻ വെള്ളമില്ലാതെ അമേരിക്ക - മീഡിയസ്കാൻ
‘ചരിത്രത്തിലാദ്യമായി ഇസ്രായേൽ ഒരു യുദ്ധത്തിൽ തോറ്റിരിക്കുന്നു’ ജൂതനിരീക്ഷകൻ ഡേവിഡ് റീസ് അതിന് 14 ന്യായങ്ങൾ നിരത്തുന്നുണ്ട്


10 കോടി ഡോളറിന്‍റെ വിമാനത്തിൽ രണ്ടു ലക്ഷം ഡോളറിന്‍റെ ബോംബ് കൊണ്ടുപോയി, ദിവസം നൂറുഗ്രാം റൊട്ടി കൊണ്ട് കഴിഞ്ഞുകൂടുന്ന കുഞ്ഞുതലയിൽ ഇടുന്ന ധീരതയാണ് ഇസ്രയേലിന്‍റെത്. ഗസ്സയിൽ 15 മാസം ആ ‘ധീരത’ വെളിപ്പെട്ടു. ഇസ്രായേൽ വിജയിച്ചത് ഒരു ഭൂപ്രദേശത്തെ മുഴുവൻ തരിപ്പണമാക്കുന്നതിലാണ്. മനുഷ്യസമൂഹങ്ങളെ അഭയാർഥികളാക്കുന്നതിലാണ്. ആശുപത്രികളും സ്കൂളുകളും തകർക്കുന്നതിലാണ്. പട്ടിണിക്കിട്ട് കൊല്ലുന്നതിലാണ്. പക്ഷേ ഈ സംഹാരത്തിന് പറഞ്ഞ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു? അതിൽ നേടാനായത് എന്തൊക്കെ? സൈനികമായി വിജയിച്ചില്ല; രാഷ്ട്രീയമായി വലിയ തോൽവിയുമായി. ലാഭനഷ്ടക്കണക്കുകൾ പരിശോധിച്ച വിദഗ്ധർ ഇസ്രായേൽ എന്തെങ്കിലും നേടിയതായി പറയുന്നില്ല. അവരിലൊരാൾ ജൂതനിരീക്ഷകൻ ഡേവിഡ് റീസ് ആണ്. ടൈംസ് ഓഫ് ഇസായേൽ പത്രത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു: ചരിത്രത്തിലാധ്യമായി ഇസ്രായേൽ ഒരു യുദ്ധത്തിൽ തോറ്റിരിക്കുന്നു. റീസ് അതിന് 14 ന്യായങ്ങൾ നിരത്തുന്നുണ്ട്.

രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്: ബന്ദി മോചനം, ഹമാസിനെ ഇല്ലാതാക്കൽ. രണ്ടും നടന്നില്ല. സൈനിക നടപടി വഴി രക്ഷപ്പെടുത്താനായവരെക്കാൾ കൂടുതൽ ബന്ദികൾ ഇസ്രായേലി കൈകളാൽ കൊല്ലപ്പെട്ടു. ഹമാസിനെ നശിപ്പിക്കാനായില്ല. മാത്രമല്ല ഹമാസ് വർധിത അംഗസംഖ്യയോടെ തിരിച്ചുവരികയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തന്നെ പിന്നീടത് തുറന്നു സമ്മതിച്ചു. ഇസ്രായേലിന് പ്രതിദിന യുദ്ധചെലവ് ഇരുപത്താറേമുക്കാൽ കോടി ഡോളർ. അമേരിക്കയും മറ്റുമടക്കം ചെലവിട്ടത് 6700 കോടി ഡോളർ. എന്നിട്ടും വർഷങ്ങളായി കൂട്ടിലടക്കപ്പെട്ട ഒരു ചെറുത്തുനിൽപ് പ്രസ്ഥാനത്തെ തകർക്കാനായില്ല.
ഇസ്രായേലിന്‍റെ അന്തസ്സിനും വിശ്വാസ്യതക്കും ഈ ക്ഷതം ചെറുതല്ല. ലോകത്തിനു മുൻപിൽ ഇസ്രായേലും നേതാക്കളും ഒറ്റപ്പെട്ടിരിക്കുന്നു. പട്ടാളക്കാർക്കും നേതാക്കൾക്കും വിദേശങ്ങളിൽ പോകാൻ ഭയം. വിദേശയാത്രകളിൽ സൂക്ഷ്മത പുലർത്തണമെന്ന് സയണിസ്റ്റ് സേന സ്വന്തം പട്ടാളക്കാർക്ക് നിർദേശം നൽകിയിരിക്കുന്നു. ഇസ്രായേൽ ലോകത്തേറ്റവും വെറുക്കപ്പെട്ട രാഷ്ട്രമായി. അതിന്‍റെ സമ്പദ്ഘടന തകർന്നു. യുദ്ധക്കുറ്റവും വംശഹത്യയുമാണ് ഇസ്രായേൽ നടത്തിയതെന്ന് ബോധ്യപ്പെട്ടവരുടെ എണ്ണം ആ രാജ്യത്തിനകത്തും വർധിച്ചുവരികയാണ്. ഇസ്രായേലി ചരിത്ര പണ്ഡിതൻ ലീ മോർദെഖായ് പുറത്തു വിട്ട 124 പേജ് റിപ്പോർട്ടിലും അത് സ്ഥാപിക്കുന്നു. ഇസ്രായേൽ മാത്രമല്ല, അതിന്‍റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ സയണിസം തന്നെ അന്ത്യത്തോടടുത്തു എന്ന് ഇസ്രായേലി ചരിത്രകാരൻ ഇലാൻ പാപ്പെ. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഏറെയും കള്ളമായിരുന്നു എന്നു കൂടി ലോകം അറിയുന്നു.
കാലാവസ്ഥ; തീ അണയ്ക്കാൻ വെള്ളമില്ലാതെ അമേരിക്ക
മനുഷ്യനുണ്ടാക്കിയ ആയുധങ്ങൾ ഗസ്സയെ ചുട്ടെരിക്കുമ്പോൾ തന്നെ ലോസാൻജലസിൽ പ്രകൃതി അതിന്‍റെ നീതി നടപ്പാക്കി. ഹോളിവുഡിന്‍റെ നാട്ടിൽ യഥാർത്ഥ 'ഇൻഫേണോ'. സിനിമാതാരങ്ങളുടെ വീടുകൾ തകർന്നത് വലിയ വാർത്തയാണ്. സ്വന്തം വീട്ടിൽ തീ എത്തിയപ്പോൾ ടീവിയിൽ പൊട്ടിക്കരഞ്ഞ ജെയിംസ് വുഡ്സിന്‍റെ കഴിഞ്ഞ വർഷത്തെ സമൂഹമാധ്യമ പോസ്റ്റുകളിൽ ഗസ്സയെ ചുട്ടുകരിക്കാനുള്ള ആഹ്വാനമുണ്ടായിരുന്നതും ചിലർ റിപ്പോർട്ട് ചെയ്തു.
ഹോളിവുഡ് സിനിമകൾ ധാരാളമായി വംശീയത പടർത്താറുണ്ട്. ഇസ്രായേലിന് അമേരിക്ക നൽകുന്ന പണത്തിൽ വലിയ ഭാഗം അവിടെനിന്നാണ്. ഫലസ്തീനെ ചുട്ടുകൊല്ലാൻ പണമൊഴുക്കുന്ന ലോസ് ആഞ്ജലസ് അവിടത്തെ അഗ്നിശമനസേനക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരുന്നു. ആയുധക്കമ്പനികൾക്ക് ഒരു വർഷം എട്ടു ലക്ഷം കോടി ഡോളർ കൊടുക്കുന്ന ഒരു രാജ്യത്ത്, തീപ്പിടുത്തം നിയന്ത്രിക്കാൻ അഗ്നിശമന സേനക്ക് വെള്ളം പോലും കിട്ടാനില്ലായിരുന്നു.
മീഡിയസ്കാൻ പൂർണരൂപം കാണാം