കൂടിയ വൈദ്യുതി ബില്ല്; ഞെട്ടല്‍ മാറാതെ പ്രവാസികള്‍

സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ഈ വര്‍ഷം ജനുവരിയിലാണ് സൌദിയില്‍ വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞത്. അന്നുമുതല്‍ ഇരട്ടിയിലേറെയാണ് വൈദ്യുതി ബില്‍.

Update: 2018-06-30 06:13 GMT
Advertising

സബ്സിഡി എടുത്തു കളഞ്ഞ സൌദിയില്‍ ഈമാസം ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വൈദ്യുതി ബില്ല്. ഫ്ലാറ്റുകളില്‍‌ രണ്ടായിരത്തിനു മുകളിലാണ് ശരാശരി ബില്‍ തുക. പ്രവാസികളും പുതിയ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി. എന്നാല്‍ റമദാനും ചൂടും ഒന്നിച്ചെത്തിയതോടെ കൂടിയ ഉപഭോഗമാണ് ബില്ല് കൂട്ടിയതെന്ന് വൈദ്യുതി കമ്പനി വിശദീകരിച്ചു.

സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ഈ വര്‍ഷം ജനുവരിയിലാണ് സൌദിയില്‍ വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞത്. അന്നുമുതല്‍ ഇരട്ടിയിലേറെയാണ് വൈദ്യുതി ബില്‍. 1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലുള്ളത് 180 റിയാലായി ഉയര്‍ത്തി. ഒപ്പം നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കുന്ന വൈദ്യുതിക്കും നിരക്ക് കൂടി. ഇതിന് ശേഷമെത്തുന്ന കൊടും ചൂടാണ് ഇപ്പോള്‍ രാജ്യത്ത്. ഇതിനൊപ്പം റമദാനും എത്തി. ഇത് രണ്ടും കൂടിയായതോടെ രാപ്പകല്‍ ഭേദമന്യേ ഉപഭോഗം കൂടി. ഇതോടെ ഇത്തവണ ചിലര്‍ക്ക് കിട്ടിയത് അഞ്ചിരട്ടി വരെ ബില്ല്.

നിരക്ക് പരിഷ്‌കരണവും വേനൽക്കാല ഉപഭോഗം കൂടിയതുമാണ് വൈദ്യുതി ബിൽ തുക വർധിക്കുന്നതിന് പ്രധാന കാരണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വേനൽക്കാലത്ത് എയർ കണ്ടീഷനറുകളുടെ ഉപയോഗത്തിൽ വലിയ വർധനവുണ്ടാകും. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബിൽ തുകയിൽ വിയോജിപ്പുകളുള്ളവർ കമ്പനി കോൾ സെന്റർ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റർ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെട്ടു.

Full View

കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ വിശദീകരണം. എല്ലാ മാസവും 28 നാണ് ബിൽ ഇഷ്യു ചെയ്യുന്നത്. ചൂട് തുടരുന്ന സാഹചര്യത്തില്‍ ശ്രദ്ധയില്ലെങ്കില്‍ പ്രവാസികളും നല്ലൊരു തുക ഈയിനത്തില്‍ കാണേണ്ടി വരും.

Similar News