സൗദിയില്‍ ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ‘തൈസീര്‍ പദ്ധതി’
പദ്ധതി പ്രകാരം ഇനിമുതൽ ശരാശരി ബിൽ തുകയുടെ അടിസ്ഥാനത്തിൽ മാസം തോറും സ്ഥിരം തുകയടക്കാം
ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ‘തൈസീര്‍ പദ്ധതി’യുമായി സൗദി. പദ്ധതി പ്രകാരം ഇനിമുതൽ ശരാശരി ബിൽ തുകയുടെ അടിസ്ഥാനത്തിൽ മാസം തോറും സ്ഥിരം തുകയടക്കാം.പ്രതിമാസം 300 റിയാലിനും 3000 റിയാലിനും ഇടയിലുള്ള തുക ബില്‍ അടക്കേണ്ടവര്‍ക്കാണ് പദ്ധതി ബാധകമാവുക.ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ‘സൗദി ഇലക്ട്രിസിറ്റി കന്പനി’യാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇത് പ്രകാരം 30 ലക്ഷത്തോളം ഉപഭോക്താക്കൾ ഈ മാസം മുതല്‍ സ്വമേധയാ പദ്ധതിയില്‍ അംഗങ്ങളാകും. സ്വമേധയാ പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്തവര്‍ക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇടക്ക് വെച്ച് പദ്ധതിയില്‍ നിന്ന് ഒഴിവാകുന്നതിനും അനുവാദമുണ്ട്.
ശരാശരി പ്രതിമാസ വൈദ്യുത ഉപയോഗം കണക്കാക്കിയാണ് നിശ്ചിത തുക തീരുമാനിക്കുക. ഓരോ വര്‍ഷാവസാനം അടച്ച തുകയും ആകെ തുകയും കണക്ക് നോക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്തെ പ്രതിമാസ ഉപഭോഗമനുസരിച്ചാണ് പ്രതിമാസ സ്ഥിരം തുക കണക്കാക്കുക. അധികമായി വരുന്ന ബില്‍ കുടിശ്ശിക 6 ഗഡുക്കളായി അടച്ച് തീര്‍ക്കുന്നതിനും അവസരമുണ്ട്. സൗദിയിലെ വൈദ്യുതി റഗുലേറ്ററി അതോറിറ്റിയായ ‘ഇലക്ട്രിസിറ്റി ആന്‍റ് കോ-ജനറേഷന്‍ റെഗുലേറ്ററി അതോറിറ്റി’യുടെ നിര്‍ദ്ധേശാനുസരമാണ് പുതിയ സേവന പദ്ധതികള്‍.