വീട്ടുജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായ മലയാളി വനിതകൾ നാട്ടിലേക്ക് മടങ്ങി
ഏജന്റുമാര്‍ വാഗ്ദാനം നല്‍കിയ ജോലിയും ശമ്പളവും നല്‍കാതെയാണ് ഇവരെ ചതിച്ചത്
വീട്ട് ജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് വനിതകള്‍ നാട്ടിലേക്ക് മടങ്ങി. ഏജന്റുമാര്‍ വാഗ്ദാനം നല്‍കിയ ജോലിയും ശമ്പളവും നല്‍കാതെയാണ് ഇവരെ ചതിച്ചത്. ദമ്മാമിലെ വനിതാ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞതിന് പിന്നാലെയാണ് ഇവരുടെ മടക്കം.
തിരുവനന്തപുരം പാലോട് സ്വദേശി പ്രസന്നകുമാരി, കൊല്ലം പത്തനാപുരം സ്വദേശി ഓമന, ആന്ധ്രാപ്രദേശ് സ്വദേശി വരലക്ഷ്മി, ഹൈദ്രാബാദ് സ്വദേശി ഗൗസിയാ ബീഗം എന്നിവരാണ് ഏജന്റുമാരുടെ ചതിയിൽ പെട്ട് നാട്ടിലേക്ക് മടങ്ങിയത്. പ്രസന്നകുമാരി സൗദിയിലെത്തിയിട്ട് മൂന്ന് വര്‍ഷമായിരുന്നു.നാല് മാസം ജോലി ചെയ്തതിന് ഒരു മാസത്തെ ശമ്പളം മാത്രമേ ഏജൻറ് കയ്യിൽ തന്നുള്ളൂവെന്ന് പ്രസന്നകുമാരി പറയുന്നു.ഏജന്റ് ആദ്യം വാഗ്ദാനം ചെയ്തത് 1500 റിയാൽ ശമ്പളമായിരുന്നു,പക്ഷേ തന്നത് 1200 റിയാൽ മാത്രമാണെന്ന് പ്രസന്നകുമാരി പറയുന്നു . ഇനിയും അഞ്ചു മാസത്തെ ശമ്പളം തരാനുണ്ടെന്ന് അവർ സാക്ഷ്യപെടുത്തുന്നു ഇതോടെ സ്‌പോണ്‍സര്‍ പ്രസന്നയെ ഒളിച്ചോട്ടക്കാരി അഥവാ ഹുറൂബാക്കി. മൂന്ന് മാസം മുമ്പ് ദമ്മാമില്‍ എത്തിയതാണ് ഓമന. വിസ നല്‍കിയ ട്രാവല്‍ എജെന്റ് ചതിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
സമാനമായ ദുരിതങ്ങള്‍ തന്നെയാണ് ഗാസിയാ ബീഗത്തെയും വരലക്ഷിമിയെയും അഭയ കേന്ദ്രത്തിലേക്കെത്തിച്ചത്. തുടര്‍ന്ന് നവയുഗം സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എക്സിറ്റ് നേടി. കൊല്ലം പൈതൃകം കൂട്ടായ്മ നല്‍കിയ ടിക്കറ്റില്‍ മലയാളികളായ ഇരുവരും ഇന്ന് രാത്രി തിരുവനന്തപുരത്തേക്ക് യാത്രയായി.