രണ്ടായിരം കിലോ ഈത്തപ്പഴം നാട്ടിലേക്കയച്ച് ഒരു സംഘം ഹാജിമാര്‍
നാട്ടിലെ വാര്‍ത്ത കണ്ട് അകം വെന്താണ് പലരും മിനായിലേക്ക് നീങ്ങുന്നത്.
രണ്ടായിരം കിലോ ഈത്തപ്പഴം നാട്ടിലേക്കയച്ചാണ് ഒരു സംഘം ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടുന്നത്. ഹജ്ജിന്റെ തുടക്കം മുതല്‍ അവസാനം വരെ നാടിനെ ഉയര്‍ത്തെഴുന്നേല്‍പിക്കാനുള്ള പ്രാര്‍ഥനയിലാണ് ഇവര്‍. നാട്ടിലെ വാര്‍ത്ത കണ്ട് അകം വെന്താണ് പലരും മിനായിലേക്ക് നീങ്ങുന്നത്. കഅ്ബക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ഹാജിമാരുടെ ഉള്ളില്‍ നാടാണ്. പ്രളയം പൊട്ടിപ്പടരുന്ന നാട്. ഇന്ന് രാത്രി മിനായിലേക്ക് പുറപ്പെടണം. അതിനു മുന്നേ അവര്‍ക്കന്നം നല്‍കിയാണ് ഈ സംഘം പുറപ്പെടുന്നത്.
മലയാളി ഹാജിമാര്‍ താമസിക്കുന്ന മക്കയിലെ ഈ കെട്ടിടത്തില്‍ തൊണ്ണൂറ്റി എട്ട് പേര്‍. അവരൊന്നിച്ച് കൈകോര്‍ത്ത് ശേഖരിച്ച പണം കൊണ്ട് വാങ്ങിയത് രണ്ടായിരം കിലോ ഈത്തപ്പഴം. അത് നാട്ടിലേക്കയക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ഇനി രാത്രിയോടെ പ്രാര്‍ഥനയോടെ മിനായിലേക്ക്. നാളെ ഉച്ചക്ക് മുമ്പ് മിനായിലെത്തണം. മറ്റന്നാള്‍ അറഫാ സംഗമത്തിനും.
കണ്ണിലുടക്കുന്ന നാടിന്റെ കാഴ്ചകള്‍ക്ക് പ്രാര്‍ഥനയും കൂട്ടായി നല്‍കുന്നു ഇവര്‍. പ്രാര്‍ഥനക്കൊപ്പം അപേക്ഷയുമുണ്ട്. പ്രാര്‍ഥനകളാല്‍ സമൃദ്ധമാകുന്ന ഹജ്ജിന്റെ പ്രാര്‍ഥനാ രാപ്പകലുകളില്‍ നാടുണ്ട്. നാട്ടുകാരുണ്ട്. താങ്ങായി ഇവരുടെ കൈകളും.