വിദ്യാര്‍ത്ഥികളുടെ യാത്ര; കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി സൌദി മന്ത്രാലയം
ബസ് ഡ്രൈവർമാരെ നിരീക്ഷിക്കേണ്ട ബാധ്യത സ്കൂളിനുണ്ട്. വിദ്യാര്‍ഥികള്‍ ബസില്‍ എത്തിയില്ലെങ്കില്‍ ഉടനടി രക്ഷിതാക്കളെ വിവരം ധരിപ്പിക്കണം
സ്കൂള്‍ ബസ്സുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൌദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രയുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കാനാണ് നിര്‍ദേശം. അപകട സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തണം.
സ്‌കൂൾ ഗതാഗത പദ്ധതി പ്രയോജനപ്പെടുത്തുന്ന വിദ്യാർഥികളെ ബോധവത്കരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി റിയാദിലെ വിവിധ സ്കൂളികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാണ്.
സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ വിദ്യാർത്ഥികൾ അപകടങ്ങളിൽ പെടാതെ നോക്കുന്നതിന് ജാഗ്രത പാലിക്കണം. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും വളരെ നേരത്തെ പൂർത്തിയാക്കണം.
സുരക്ഷാ കാര്യങ്ങൾക്ക് പ്രത്യേക ഗ്രൂപ്പുകൾ സ്കൂളില്‍ സ്ഥാപിക്കണം. സുരക്ഷാ കാര്യങ്ങളിൽ വിദ്യാർഥികളെ പ്രത്യേകം ബോധവൽക്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സ്‌കൂൾ ബസുകളിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളിൽ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുവാനും നിര്‍ദേശമുണ്ട്. സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് പുതിയ നിര്‍ദേശങ്ങള്‍. വിദ്യാർഥികൾ ഇറങ്ങിക്കഴിഞ്ഞ ശേഷം ബസുകൾ കാലിയാണെന്ന് എല്ലാ ദിവസവും പ്രത്യേകം പരിശോധിക്കണം.
ബസ് ഡ്രൈവർമാരെ നിരീക്ഷിക്കേണ്ട ബാധ്യത സ്കൂളിനുണ്ട്. വിദ്യാര്‍ഥികള്‍ ബസില്‍ എത്തിയില്ലെങ്കില്‍ ഉടനടി രക്ഷിതാക്കളെ വിവരം ധരിപ്പിക്കണം. സ്‌കൂൾ അധികൃതർ എല്ലാ ദിവസവും പ്രത്യേകം നിരീക്ഷിക്കുകയും വേണം. വിദ്യാർഥികൾ ബസുകളിൽ എത്താത്ത പക്ഷം അക്കാര്യം ഉടനടി രക്ഷകർത്താക്കളെ ഫോൺ ചെയ്ത് അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.