മഹറം ഇല്ലാത്ത ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു; ഇനി മദീനാ സന്ദര്‍ശനത്തിന്
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് രക്ഷാകര്‍ത്താവില്ലാതെ ഹജ്ജിനെത്തിയ ഹാജിമാര്‍. ഹജ്ജ് മിഷന്‍ ഒരുക്കിയ സംവിധാനങ്ങളില്‍ ഇവര്‍ പൂര്‍ണ സംതൃപ്തരാണ്. ഈ മാസം പതിനൊന്നിനാണ് മഹറമില്ലാത്ത ഹാജിമാര്‍ മദീന സന്ദര്‍ശനത്തിന് പുറപ്പെടുക.
ഹജ്ജ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തവണ രക്ഷകര്‍ത്താവില്ലാത്ത വനിതാ ഹാജിമാര്‍ക്ക് അവസരം ഒരുങ്ങിയത്. 45 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കായിരുന്നു അവസരം. ഇതുപയോഗപ്പെടുത്തി ഹജ്ജിനെത്തിയത് 1171 ഹാജിമാര്‍. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇവര്‍ക്കായി പ്രത്യേകം താമസ കെട്ടിടം, ആശുപത്രി, വാഹനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. വിജയകരവും സംതൃപ്തവുമായ കര്‍മങ്ങള്‍ക്കൊടുവില്‍ ഹാജിമാര്‍ മക്കയില്‍ തങ്ങുകയാണ്.
വിധവകളും അനാഥരുമായ ഹാജിമാര്‍ക്ക് ആശ്വാസമായിരുന്നു പുതിയ നടപടികള്‍. നേരത്തെ രക്ഷകര്‍ത്താവിനെ കൊണ്ടുവരാനുള്ള ചിലവും ഉണ്ടായിരുന്നു. ഒറ്റക്ക് വന്നതിനാല്‍ ഇതൊഴിവായി. പരാതികള്‍ക്ക് ഇട നല്‍കാത്ത ഹജ്ജിനൊടുവില്‍ ഈ മാസം 11ന് ഇവര്‍ മദീന സന്ദര്‍ശനത്കിന് പുറപ്പെടും. മഹറമില്ലാതെ എത്തുന്ന ഹാജിമാര്‍ക്കായി കൂടുതല്‍ വളണ്ടിയര്‍മാര്‍ വേണമെന്ന ആവശ്യമുണ്ട്. അത് വരും വര്‍ഷം കൂടുമെന്ന പ്രതീക്ഷയിലാണ് മിഷന്‍.