ഇറാനും ഹിസ്ബുള്ളയും ഹൂതികള്‍ക്കായി ആയുധക്കടത്തിന് കൂട്ടു നില്‍ക്കുന്നുവെന്ന് സൗദി
ഹിസ്ബുള്ളയുടെ സഹായത്തോടെ മയക്കുമരുന്ന് വില്‍പനയും ഹൂതികള്‍ നടത്തുന്നതായി സഖ്യസേന ആരോപിച്ചു
ഇറാനും ലബനാനിലെ ഹിസ്ബുള്ളയും ഹൂതികള്‍ക്കായി ആയുധക്കടത്തിന് കൂട്ടു നില്‍ക്കുന്നുവെന്ന് സൗദി സഖ്യ സേന. ഹിസ്ബുള്ളയുടെ സഹായത്തോടെ മയക്കുമരുന്ന് വില്‍പനയും ഹൂതികള്‍ നടത്തുന്നതായി സഖ്യസേന ആരോപിച്ചു. ഇതിനിടെ സൗദിയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യം വെച്ചുള്ള മിസൈലാക്രമണം ഹൂതികള്‍ തുടരുകയാണ്.
മിക്ക ദിനങ്ങളിലും സൗദിക്ക് നേരെ മിസൈല്‍ അയക്കുന്നുണ്ട് ഹൂതികള്‍. അവസാന മിസൈലെത്തിയത് ഇന്നലെ. രണ്ട് മാസത്തിനിടെ ഇരുപതോളം മിസൈലുകളാണ് ഹൂതികള്‍ സൗദിക്ക് നേരെ അയച്ചത്. എല്ലാം തകര്‍ത്തിരുന്നു സൈന്യം. ആക്രമണം രൂക്ഷമായതോടെ ഇറാന്‍ ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്നതായുള്ള ദൃശ്യങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു. ഇതിന് പിന്നാലെയാണ് ലബനാനിലെ ഹിസ്ബുള്ളയും ഹൂതികളെ സഹായിക്കുന്നതായി സൗദി സഖ്യസേന ആരോപിച്ചത്. മയക്കു മരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് സഖ്യസേന പറഞ്ഞു. കഴിഞ്ഞ ആഴ്ച സൗദി സഖ്യസേന ഹൂതികളെന്ന് കരുതി ബസ്സിന് നേരെ യമനില്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ പക്ഷേ അമ്പതിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പു നല്‍കിയിരുന്നു സഖ്യസേന. യമനില്‍ സൈനിക നീക്കം ഹൂതികള്‍ക്കെതിരെ ശക്തമാണ്. ഇതിനിടയിലാണ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യസേനയുടെ ആരോപണം.