പ്രവാസികളെ ആശങ്കയിലാക്കി സൗദിയില്‍ പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന് തുടക്കമായി
രാവിലെ മുതലാരംഭിച്ച പരിശോധനയില്‍ സൗദിവത്കരണം പാലിക്കാത്ത കടകള്‍ക്ക് പിഴ വീണു
പ്രവാസികളെ ആശങ്കയിലാക്കി സൗദിയില്‍ പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന് തുടക്കമായി. ആദ്യ ഘട്ടം ആരംഭിച്ച ഇന്ന് പരിശോധന ഭയന്ന് മിക്ക കടകളും തുറന്നിട്ടില്ല. രാവിലെ മുതലാരംഭിച്ച പരിശോധനയില്‍ സൗദിവത്കരണം പാലിക്കാത്ത കടകള്‍ക്ക് പിഴ വീണു. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് സ്വദേശിവത്കരണം പ്രാബല്യത്തിലാകുന്നത് ഭയന്ന് ഭൂരിഭാഗം പേരും കട തുറന്നിട്ടില്ല. ചിലര്‍ കടയിലെ വസ്തുക്കളെല്ലാം ഇന്നലെ രാത്രിയോടെ ഒഴിവാക്കി. സ്വദേശിവത്കരണം ഇന്ന് പ്രാബല്യത്തിലായത് നാല് മേഖലയിലാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടേയുമടക്കം വസ്ത്രങ്ങള്‍ വില്‍ക്കുന്ന റെഡിമെയ്ഡ് വസ്ത്രശാലകള്‍. കാര്‍-ബൈക്ക് ഷോറൂമുകള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന. ഇവിടെ 70 ശതമാനം സൗദികള്‍ നിര്‍ബന്ധമാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ ഇത് പാലിക്കാത്ത വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ വീണു. രേഖകളില്ലാതെ കടയില്‍ തങ്ങിയ ജീവനക്കാര്‍ കസ്റ്റഡിയിലാണ്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, മുനിസിപ്പാലിറ്റി, ജവാസാത്ത് എന്നിവര്‍ സഹകരിച്ചാണ് പരിശോധന. സൗദിവത്കരണം പ്രഖ്യാപിച്ച 12 മേഖലയിലും ഭൂരിഭാഗവും വിദേശികളാണ്. മുള്‍മുനയിലാണ് ഇവരുടെ ഭാവി.
നവംമ്പര്‍ ഒമ്പതിനാണ് അടുത്ത ഘട്ടം. ജനുവരി ഏഴിന് മൂന്നാം ഘട്ടം. നാളെ മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. വിവിധ സ്ഥാപനങ്ങള്‍ ഇതിനകം ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞുകഴിഞ്ഞു.