യമനില്‍ സുരക്ഷാ പാത ഒരുക്കി സൗദി സഖ്യസേന

സുരക്ഷ പാത സജ്ജമായതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രയാസവും നേരിടില്ല

Update: 2018-09-25 20:02 GMT
Advertising

യമനിലെ സന്‍ആ മുതല്‍ ഹുദൈദ തുറമുഖം വരെ സുരക്ഷാ പാത നിര്‍മിച്ചതായി സൗദി സഖ്യസേന. സാധാരണക്കാരുടെ നീക്കത്തിന് സുരക്ഷിതമായ വഴിയൊരുക്കാനാണ് അന്താരാഷ്ട്ര വേദികളുടെ ആവശ്യം പരിഗണിച്ച് പാത നിര്‍മിച്ചത്. 'ഓത്ഷ' എന്ന അന്താരഷ്ട്ര സംഘടനുമായി സഹകരിച്ചാണ് സുരക്ഷ പാതയുടെ പൂര്‍ത്തീകരണം സാധ്യമായത്.

സുരക്ഷ പാത സജ്ജമായ സ്ഥിതിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രയാസവും നേരിടില്ല. അതേസമയം ഹുദൈദയില്‍ ഹൂതികള്‍ ഇപ്പോഴും സിവിലിയന്മാരെ മനുഷ്യമതിലുകളായി ഉപയോഗിക്കുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി കുറ്റപ്പെടുത്തി. ചെങ്കടലിലെ ബാബുല്‍ മന്‍ദബ് കടലിടുക്കില്‍ ഇറാന്‍ കപ്പല്‍ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും സംഭവം സഖ്യസേവന നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും വക്താവ് പറഞ്ഞു.

ഇതുവഴി കടന്നുപോകുന്ന ചരക്കു കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് ഇറാന്‍െറ 'സാഫീസ്' എന്ന കപ്പല്‍ നിലകൊള്ളുന്നത്. മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കടല്‍, കപ്പല്‍ സഞ്ചാരം സുഗമമാക്കുന്നതിനും സഖ്യസേന സജ്ജമാണ്. യമനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ശക്തമായി തടയുമെന്നും സഖ്യസേന വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News