സ്വദേശിവത്കരണ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥനെ വിദേശികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി

പുതിയ സംഭവത്തോടെ ബത്ഹ മേഖലയില്‍ പൊലീസും തൊഴില്‍ മന്ത്രാലയവും രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്

Update: 2018-09-28 21:46 GMT
Advertising

സൗദിയിലെ റിയാദില്‍ സ്വദേശിവത്കരണ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥനെ വിദേശികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്ഹയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പന്ത്രണ്ട് മേഖലയിലെ സ്വദേശികവത്കരണത്തിന്റെ ഒന്നാം ഘട്ടം ഈ മാസം പതിനൊന്നിന് ആരംഭിച്ചിരുന്നു. ഇത് നാലു മേഖലക്കാണ് ബാധകം. ഇതിന്റെ ഭാഗമായി വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്ഹയിലും ബുധനാഴ്ച രാത്രി പരിശോധനയുണ്ടായി. പരിശോധനക്കിടെ തൊഴിലാളികളുമായുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

പരിശോധനക്കിടയിൽ തൊഴിൽ കാര്യ ഉദ്യോഗസ്ഥനെ കച്ചവടക്കാർ ആയുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു. സ്ഥലത്തെ സൂഖിൽ പരിശോധന നടത്തുന്നതിനിടെ റിയാദ് ബ്രാഞ്ച് ഒാഫീസിലെ ഉദ്യോഗസ്ഥനെയാണ് വിേദശികളായ തൊഴിലാളികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ചുമലിന് കുത്തേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

പൊലിസുമായി സഹകരിച്ച് അക്രമികളെ പിടികൂടാൻ നടപടികൾ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. പുതിയ സംഭവത്തോടെ ബത്ഹ മേഖലയില്‍ പൊലീസും തൊഴില്‍ മന്ത്രാലയവും രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News