പെട്രോൾ വില ഇനിയും ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യതകർച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ
പെട്രോൾ വില ഇനിയും ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യതകർച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ. അടുത്ത മാസം ഇറാനു മേൽ യു.എസ് എണ്ണ ഉപരോധം നടപ്പാകുന്നതോടെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തും. പ്രവാസികൾക്ക് ഇത് കൂടുതൽ ആശ്വാസം പകരും.
ദിർഹമിന് ഇരുപത് രൂപ 10 പൈസ എന്ന നിലയിലായിരുന്നു യു.എ.ഇയിലെ വിനിമയം. മറ്റ് ഗൾഫ് കറൻസികൾക്കും ചരിത്രത്തിൽ ഇതു വരെ ലഭിക്കാത്ത ഉയർന്ന വിനിമയ മൂല്യമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
മാസാദ്യത്തിൽ പ്രവാസികൾക്കു വേതനം ലഭിക്കുന്ന സമയമായതിനാൽ വിനിമയ നിരക്കിലെ വർധന പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്. മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് തുടരുന്നതും. ഓൺലൈൻ ബാങ്കിങ് മുഖനയും ധാരാളം പേർ പണമയക്കുന്നുണ്ട്. ഇറാൻ ഉപരോധം കൂടിയാകുന്നതോടെ ദിർഹത്തിന് 21 രൂപക്കു മേൽ മൂല്യം ഇടിയുമെന്നാണ് റിപ്പോർട്ട്.
വിനിമയ നിരക്ക് പ്രയോജനപ്പെടുത്താനായി ഗൾഫിലെ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തു നാട്ടിൽ നിക്ഷേപം നടത്തുന്നതു ശരിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. വിനിമയ നിരക്കിന്റെ മെച്ചം പ്രവാസികൾക്കു തൽക്കാലം ഗുണകരമാണ്. എന്നാൽ നാട്ടിൽ വിലക്കയറ്റത്തിനു വഴിയൊരുക്കും എന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ അതു മെച്ചം ചെയ്യാനിടയില്ല.