ഇറാനെതിരായ ഉപരോധ നടപടി ശക്തമാക്കുന്നതിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം കുത്തനെ കൂടുന്നു
കഴിഞ്ഞ ഏഴുമാസം ഉണ്ടായതിനേക്കാള്‍ വരുമാനം നവംബര്‍ മുതല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇറാനെതിരായ ഉപരോധ നടപടി ശക്തമാക്കുന്നതിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം കുത്തനെ കൂടുന്നു. കഴിഞ്ഞ ഏഴുമാസം ഉണ്ടായതിനേക്കാള്‍ വരുമാനം നവംബര്‍ മുതല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ പതിമൂവായിരം കോടി റിയാലാണ് സൌദിക്ക് അധികമായി ലഭിച്ചത്.
കണക്ക് പ്രകാരം 37.6 ശതമാനമാണ് വർധന. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്‍റേതാണ് ഈ കണക്ക്. ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലത്താണ് നേട്ടം. ഇക്കാലയളവില്‍ 48,730 കോടി റിയാലിന്‍റെ ക്രൂഡ് ഓയിലാണ് സൗദി കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിമുവ്വായിരം കോടിയിലേറെ റിയാലിന്‍റെ വരുമാനമാണ് ഉണ്ടായത്. മൂന്ന് ഘടകങ്ങള്‍ സൌദിയെ ഇതിന് സഹായിച്ചു. ഒന്ന് ആഗോള വിപണിയിലെ എണ്ണ വിലയേറ്റം. രണ്ട് കയറ്റുമതി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിച്ചത്. മൂന്ന് ഇറാനെതിരായ ഉപരോധം ശക്തമാക്കാനിരിക്കെ സൌദി ഓഹരിയിലുണ്ടായ ഉണര്‍വ്. ഈ വര്‍ഷം ജനുവരിയിൽ 67.4 ഡോളറായിരുന്നു എണ്ണ വില. നിലവില്‍ 80 ഡോളറിന് മുകളിലാണ് വില. അതായത് വരും മാസങ്ങളിളില്‍ സമാന നിലവാരം നിന്നാല്‍ സാമ്പത്തിക രംഗത്ത് സൌദിക്ക് വന്‍ കുതിപ്പാകും ഉണ്ടാവുക.