സൗദി അറേബ്യക്ക് താക്കീതുമായി ട്രംപ്

ഒരു തെരഞ്ഞെടുപ്പ് പരിപാടിയില്‍ സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലുമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്

Update: 2018-10-15 06:00 GMT
Advertising

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ സൗദി അറേബ്യയാണ് കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസും രംഗത്തെത്തി.

ഒരു തെരഞ്ഞെടുപ്പ് പരിപാടിയില്‍ സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലുമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുമായി പ്രതിരോധ രംഗത്തെ വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൗദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപിനു മേല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദമുണ്ട്. സംഭവത്തിന്റെ ചുരുളഴിയണ്ടതുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായാല്‍ ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍‌ തയ്യാറാകണമെന്നും ഗുട്ടെറസ് പറഞ്ഞു.

ഈ മാസം രണ്ടിന് വിവാഹ മോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ഇതിന് വീഡിയോ ഓഡിയോ തെളിവുകളുണ്ടെന്നും തുര്‍ക്കി അവകാശപ്പെടുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം സൗദി നിഷേധിച്ചു. സൗദി സ്വദേശിയായ ഖഷോഗി സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു.

Tags:    

Similar News