ജമാല്‍ ഖഷോഗി തിരോധാനം; സൗദിക്ക് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍

വിഷയത്തില്‍ തെളിവൊന്നുമില്ലാതെ സൗദിയെ കുറ്റപ്പെടുത്താനാകില്ലെന്നാണ് അയല്‍ രാജ്യങ്ങളുടെയും സംഘടകളുടേയും നിലപാട്.

Update: 2018-10-15 20:48 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്റ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത്. ചില പാശ്ചാത്യ രാജ്യങ്ങള്‍ തെളിവുകളില്ലാതെ സൌദിക്കെതിരെ നീങ്ങുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണ. ‘മുസ്ലിം വേള്‍ഡ് ലീഗ്’ അടക്കമുള്ള സംഘടനകളും വിഷയത്തില്‍ സൗദിക്ക് പിന്തുണയുമായെത്തി.

ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സൗദിക്കെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രസ്താവന ഇറക്കിയത്. യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങള്‍ വിഷയത്തില്‍ സൗദിയെ കുറ്റപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സൗദിക്ക് പിന്തുണയുമായി എത്തിയത്. കോണ്‍സുലേറ്റില്‍ കടന്ന മാധ്യമ പ്രവര്‍ത്തകനെ കാണാതായ സംഭവത്തില്‍ തുര്‍ക്കി-സൗദി സംയുക്ത അന്വേഷണം നടക്കുന്നുണ്ട്.

വിഷയത്തില്‍ തെളിവൊന്നുമില്ലാതെ സൗദിയെ കുറ്റപ്പെടുത്താനാകില്ലെന്നാണ് അയല്‍ രാജ്യങ്ങളുടെയും സംഘടകളുടേയും നിലപാട്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, യമന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍‌ ഇതിനകം തന്നെ സൗദിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. സല്‍മാന്‍ രാജാവിനെ നേരിട്ട് വിളിച്ചും പ്രസ്താവനകള്‍ ഇറക്കിയുമാണ് പിന്തുണ അറിയിച്ചത്.

സൗദിയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകത്തില്‍ മാധ്യമങ്ങളില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി സൗദി ആരോപിക്കുന്നു. ഒ.ഐ.സി, മുസ്ലിം വേള്‍ഡ് ലീഗ് തുടങ്ങി സൗദി പിന്തുണയുള്ള സംഘടനകളും രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണം നടക്കുമ്പോള്‍ തന്നെ കുറ്റപ്പെടുത്തിയുള്ള നിലപാട് അംഗീകരിക്കാനാകില്ലയെന്നതാണ് ഇവരുടെ നിലപാട്.

Tags:    

Similar News