സൗദിയിൽ ശക്തമായ മഴ തുടരുന്നു; നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു
സൗദിയില്‍ ശക്തമായ മഴ മൂലം രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ചു. മലവെള്ളപ്പാച്ചിലും മഞ്ഞുവീഴ്ചയും മൂലം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
ഏതാനും ദിവസങ്ങളായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തബൂക്ക്, അൽബഹ, ഹയിൽ, തായിഫ്, മക്ക എന്നിവിടങ്ങളിലാണ് ഇടിയോടുകൂടിയ മഴ. മഴക്കെടുതിയിൽ ഇതിനോടകം നാല് പേർ മരിച്ചു. അൽ ബഹക്കടുത്തു അൽ ഹജ്‌റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലൻ, ഹായിലിൽ നിന്നും 180 കിലോമീറ്റർ ദൂരെ അൽ ഷംലി പ്രദേശത്തുള്ള സൗദി യുവാവ്, തബൂക്ക് അൽ ബദാഈൽ പ്രദേശത്തുള്ള മറ്റൊരാൾ എന്നിവർ ഒഴുക്കിൽ പെട്ടാണ് മരിച്ചത്. ഇടിമിന്നലേറ്റ് മക്കയിലെ അൽ റാഷിദിയ ഡിസ്ട്രിക്റ്റിൽ ഒരു സ്വദേശി യുവതിയും മരിച്ചു. പല സ്ഥലങ്ങളിലും ആലിപ്പഴ വർഷത്തോടെയാണ് മഴ. തായിഫിൽ ശക്തമായ ആലിപ്പഴ വർഷം കാരണം റോഡുകളിൽ മഞ്ഞു കൂനകൾ മൂടി ഗതാഗതം തടസ്സപ്പെട്ടു. തബൂക്കിലെ മരുഭൂമിയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒട്ടകങ്ങൾ ഒലിച്ചുപോയി.
പല പ്രവിശ്യകളിലും വരും ദിവസങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴക്കെടുതികളിൽ പെട്ട് അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്ന് സൗദി സിവിൽ ഡിഫൻസ് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.