വരും ദിവസങ്ങളില്‍ സൗദിയില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കനത്ത മഴയായിരിക്കും രാജ്യത്തുണ്ടാകുക

Update: 2018-10-27 19:11 GMT
Advertising

വരും ദിവസങ്ങളില്‍ സൗദിയില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കനത്ത മഴയായിരിക്കും രാജ്യത്തുണ്ടാകുക. രണ്ട് ദിവസമായി വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ തുടരുകയാണ്. മഴക്കെടുതിയില്‍ പെട്ട അമ്പതിലേറെ പേരെ രക്ഷപ്പെടുത്തി. റിയാദില്‍ ഇന്ന് രാത്രിയോടെ മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ മലയോര മേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. തബൂക്കില്‍ മലവെള്ളപ്പാച്ചിലില്‍ താഴ്‌വരകളില്‍ കുടുങ്ങിയ 49 പേരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി, ഒരാള്‍ മരിച്ചു. ഇന്ന് രാത്രി റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ട്രാഫിക് വിഭാഗവും സിവില്‍ ഡിഫന്‍സും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി മഴയില്‍ വാഹനാപകടങ്ങളുണ്ടായി. 20 വർഷത്തിനിടെ രാജ്യത്ത് ഉണ്ടായതിനേക്കാൾ ശക്തമായ മഴക്കാണ്‌ സൗദി അറേബ്യ സാക്ഷ്യം വഹിക്കാൻ പോവുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ് നഗരം ഉൾപ്പെടുന്ന സൗദിയിലെ ദക്ഷിണ ഭാഗങ്ങളിലായിരിക്കും മഴ കൂടുതൽ അനുഭവപ്പെടുക. അടുത്ത ആഴ്ചയോടെ മക്ക, മദീന പ്രദേശങ്ങൾ അടക്കം പടിഞ്ഞാറൻ നഗരങ്ങളിലും രാജ്യത്തിൻറെ മറ്റു പ്രദേശങ്ങളിലും മഴ വ്യാപിക്കും. മഴയെ നേരിടാനുള്ള മുഴുവൻ മുന്നൊരുക്കങ്ങളും വിവിധ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ദീര്‍ഘയാത്രകളും ശക്തമായ മഴയില്‍ പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥന.

Tags:    

Similar News