യമനിലെ സന്‍ആയില്‍ ഹൂതി വിമതരുടെ സൈനിക താവളം വ്യോമാക്രമണത്തില്‍ തകര്‍ത്തു
യമനിലെ സന്‍ആയില്‍ ഹൂതി വിമതരുടെ സൈനിക താവളം സൗദി സഖ്യസേന വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഹൂതികളുടെ പ്രധാന ആയുധ നിര്‍മാണവും സംഭരണവും നടന്ന മേഖലയാണിത്. യമനിലെ സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഏറ്റുമുട്ടല്‍ വീണ്ടും ശക്തമായിട്ടുണ്ട്.
മുന്‍ കരുതല്‍ സ്വീകരിച്ച ശേഷമായിരുന്നു സഖ്യസേനയുടെ ആക്രമണം എന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമനുസരിച്ചായിരുന്നു നീക്കം. സന്‍ആ വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹൂതികളുടെ ആയുധ സംഭരണ നിര്‍മാണ കേന്ദ്രമാണ് അല്‍ ദൈലാമി എയര്‍ബേസ്. ഇവിടെ മുപ്പത് തവണയാണ് വ്യോമാക്രമണം. ഇതോടെ കേന്ദ്രം തകര്‍ന്നു. യമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കം കുറിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. സഖ്യസേനയോട് സഹകരിക്കണമെന്നും കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചു. യമന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്താണ് ഇതിനായി എത്തുക.
സമാധാന ചര്‍ച്ചാ അഭ്യര്‍ഥനയോട് സഖ്യസേനയും ഹൂതികളും വിമതരും പ്രതികരിച്ചിട്ടില്ല.