സൗദിയിലെ ബാങ്കുകളിലേക്ക് ഇനി വിദേശത്ത് നിന്നും ഓൺലൈൻ സേവനങ്ങൾ നടത്താം
വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക
സൗദി ബാങ്കുകളുടെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വിദേശത്ത് നിന്നും ഇനി പണമടക്കാം. ഈ സേവനം അടുത്ത വര്‍ഷാരംഭം മുതല്‍ പ്രാബല്യത്തില്‍ വരും.
വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക. ഇതനുസരിച്ച് ഇതുവരെ സൗദിക്കകത്തുനിന്ന് മാത്രം നടത്താവുന്ന ഓണ്‍ലൈന്‍ ഇടപാട് ഇനി മുതല്‍ സൗദിക്ക് പുറത്തുനിന്നും ചെയ്യാനാവും. സൗദിയുമായി വിദേശത്തുനിന്ന് വാണിജ്യ ഇടപാട് നടത്തുന്നവര്‍ക്കും വിസ നടപടികള്‍ക്കും ആവശ്യമായ ബാങ്ക് ഇടപാടുകളും സര്‍ക്കാര്‍ ഫീസുകളും ഇതുവഴി വിദേശത്തുനിന്ന് അടക്കാം.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവും. എന്നാല്‍ ഇവര്‍ക്ക് സൗദി ബാങ്കില്‍ എക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലുള്ള ഭീമന്‍ സംഖ്യ പോലും ഇത്തരത്തില്‍ വിനിമയം നടത്താനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മുമ്പ് സര്‍ട്ടിഫൈഡ് ചെക്ക് മുഖേന മാത്രം നടന്നിരുന്ന ഇടപാട് ഇതോടെ ലളിതമാവും.