ഫ്രാൻസുമായും ഉസ്ബകിസ്ഥാനുമായും വിനോദ സഞ്ചാരമേഖലയില്‍ സഹകരണം ശക്തമാക്കാൻ സൗദി
ഫലസ്തീന്‍ പൗരന്മാരുടെ പ്രശ്നം സൗദിക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രിസഭ വിലയിരുത്തി
വിനോദ സഞ്ചാരമേഖലയില്‍ ഫ്രാന്‍സ്, ഉസ്ബകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഫലസ്തീനുമായുള്ള സാമ്പത്തിക സഹായത്തിന്‍റെ മൂന്ന് ഘഡു കൈമാറിയതായി മന്ത്രിസഭ അറിയിച്ചു.
ഫലസ്തീന്‍ പൗരന്മാരുടെ പ്രശ്നം സൗദിക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രിസഭ വിലയിരുത്തി. ടൂറിസം രംഗം വിപുലമാക്കാനുള്ള നീക്കത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സൗദി ടൂറിസം അതോറിറ്റി മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഫ്രാന്‍സ്, ഉസ്ബകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് പദ്ധതികള്‍.
ഫലസ്തീന്‍ സര്‍ക്കാറിന് കഴിഞ്ഞ മൂന്ന് മാസത്തെ ബജറ്റ് ഘടു അടച്ചുതീര്‍ത്തതില്‍ മന്ത്രിസഭ ആശ്വാസം രേഖപ്പെടുത്തി. സൗദി ദേശീയ ഭക്ഷ്യ സമിതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി സമര്‍പ്പിച്ച കരട് അംഗീകരിച്ചാണിത്. രാജ്യത്തെ ഭക്ഷ്യ, ആരോഗ്യ നില മെച്ചപ്പെടുത്താനും സാമൂഹ്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമിതി പഠിച്ച് അവതരിപ്പിക്കും.