യമനില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞു; വെടിനിര്‍ത്തലിന് പദ്ധതിയില്ലെന്ന് സൗദി സഖ്യസേന
സമാധാന ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും സന്നദ്ധരായേക്കുമെന്ന് ബ്രിട്ടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അറുന്നൂറിലേറെ ഹൂതികളെ വധിച്ചതിന് പിന്നാലെ യമനില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രകളിലേക്ക് മാറ്റുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും സന്നദ്ധരായേക്കുമെന്ന് ബ്രിട്ടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാനാരംഭിച്ച യമന്‍ സൈന്യത്തിന്‍റെ നീക്കം വന്‍ ആള്‍ നാശമാണ് ഹൂതികള്‍ക്ക് ഉണ്ടാക്കിയത്. അറുന്നൂറിലേറെ വിമതരെ സൈന്യം വധിച്ചു. സൌദി സഖ്യസേനയുടെ സഹായത്തോടെയായിരുന്നു ഇത്. പത്തിലേറെ സാധാരണക്കാരും കൊല്ലപ്പെട്ടു. യമന്‍റെ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിതീകരണമില്ല. ഇതിനിടെ പരിക്കേറ്റ ഹൂതികളെ ഒമാനില്‍ ചികിത്സക്കെത്തിക്കാന്‍ സൌദി സമ്മതിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് സൌദിയും ഹൂതികളും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ യമനില്‍ വെടിനിര്‍ത്തലിന് പദ്ധതിയില്ലെന്ന് സൌദി സഖ്യസേന അറിയിച്ചു. ഹൂതികള്‍ സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ സമാധാന ചര്‍ച്ചക്ക് വഴിയൊരുക്കിയാല്‍ സൌദി അറേബ്യ സഹകരിച്ചേക്കും. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹൂതി വിമതര്‍ക്കെതിരെ ഗുരുതര ആരോപണം സഖ്യസേന ഉന്നയിച്ചത്. വെടിവെപ്പുണ്ടാകുന്ന സന്‍ആയിലും ദമറിലും ഹൂതികള്‍ മനുഷ്യരെ കവചമായി ഉപയോഗിക്കുന്നുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.