സൗദി ആരംഭിക്കുന്ന ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിന് കരാര്‍ ഒപ്പുവെച്ചു
ഊര്‍ജ്ജ ആവശ്യത്തിന് അണുശക്തിയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളില്‍ സൗദിയെ മുന്‍ നിരയിലെത്തിക്കാനാണ് പദ്ധതി
സമാധാന ആവശ്യത്തിന് അണുശക്തി എന്ന പദ്ധതിയുടെ ഭാഗമായി സൗദി ആരംഭിക്കുന്ന ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിന് കരാര്‍ ഒപ്പുവെച്ചു. ആസ്ത്രേലിയന്‍ കമ്പനിയുമായാണ് കരാര്‍. ഊര്‍ജ്ജ ആവശ്യത്തിന് അണുശക്തിയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളില്‍ സൗദിയെ മുന്‍ നിരയിലെത്തിക്കാനാണ് പദ്ധതി
കിങ് അബ്ദുല്ല ആറ്റോമിക് ആന്‍റ് റിനോവബിള്‍ എനര്‍ജി സിറ്റിയും ആസ്ത്രേലിയയിലെ വോര്‍ലി പാര്‍സണ്‍സ് എന്ന ബഹുരാഷ്ട്ര കമ്പനിയുമാണ് കരാര്‍ ഒപ്പുവെച്ചത്. പദ്ധതി ഉപദേശം, പ്രൊജക്ട് മാനേജ്മെന്‍റ്, റിസോഴസ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി സൗദിക്ക് നല്‍കുക.
ഈ മേഖലയില്‍ 50 വര്‍ഷത്തിലധികം സേവന പാരമ്പര്യമുള്ള കമ്പനിയാണ് വോര്‍ലി പാര്‍സണ്‍സ്. ഊര്‍ജ്ജ ആവശ്യത്തിന് അണുശക്തിയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളില്‍ സൗദി ഒന്നാം സ്ഥാനത്തേക്ക് കുതിക്കണമെന്നാണ് സൗദി വിഷന്‍ 2030 വിഭാവനം ചെയ്യുന്നതെന്ന് കിങ് അബ്ദുല്ല സിറ്റി മേധാവികള്‍ വ്യക്തമാക്കി. പ്രകൃതി സൗഹൃദപരമായ രീതിയിലായിരിക്കും സൗദി ആണവ പദ്ധതി നടപ്പാക്കുക. പതിറ്റാണ്ടുകളായി സൗദിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വോര്‍ലി പാര്‍സണ്‍സ് സൗദി അരാംകോയുമായി മുന്‍ വര്‍ഷങ്ങളില്‍ ചില കരാറുകള്‍ ഒപ്പുവെച്ചിരുന്നു.