സൗദിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്; നിയമങ്ങൾ തെറ്റിച്ചാൽ വലിയ പിഴ നൽകേണ്ടി വരും
റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ക്യാമറകള്‍ സജ്ജമായത്.
സൌദിയില്‍ ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും പിഴ ഈടാക്കുന്നത് കൂടുതല്‍ റോഡുകളില്‍ പ്രാബല്യത്തിലായി. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ക്യാമറകള്‍ സജ്ജമായത്.
റോഡുകളിൽ ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുക, വാഹനാപകടങ്ങൾക്ക് തടയിടുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍ എന്നിവ ക്യാമറകള്‍ പിടിച്ചെടുക്കാറുണ്ട്. നഗരങ്ങളില്‍ തുടങ്ങിയ സംവിധാനമാണ് ഇന്ന് കൂടുതല്‍ ഹൈവേകളില്‍ പ്രാബല്യത്തിലായത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 150 മുതല്‍ 500 റിയാല്‍വരെ പിഴ ചുമത്തും. നേരിട്ട് കണ്ടാലാണ് പിഴ കൂടുക. മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. നിരക്കുയര്‍ന്ന കാര്യം കഴിഞ്ഞയാഴ്ച ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു. രാജ്യത്ത് നിയമം ശക്തമായതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിരുന്നു.