മരുന്നുകൾ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കുക; രണ്ടര മാസത്തിനു ശേഷം പ്രവാസി ജയിൽ മോചിതനായി
നിരോധിത മരുന്നുമായി പിടിയിലായതായിരുന്നു അബ്ദുസമദ്
നാട്ടിൽ നിന്ന് വരുമ്പോള്‍ മരുന്ന് കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായ പ്രവാസിക്ക് മോചനം. ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്ദുസമദാണ് രണ്ടര മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായത്.
രണ്ടു മാസത്തെ അവധി കഴിഞ്ഞു സൗദിയിലേക്ക് തിരിച്ചുവരവേ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ് അബ്ദുസമദ് പിടിയിലാവുന്നത്. രാജ്യത്ത് നിരോധിച്ച മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. നജ്‌റാനിൽ ജോലിചെയ്യുന്ന അപസ്മാര രോഗിയായ സഹോദരി ഭർത്താവ് മുഹമ്മദ് നൗഫലിന് നൽകാനായി ഡോക്ടർ നിർദേശിച്ച മരുന്നായിരുന്നു ഇത്.
കേസിൽ മുഹമ്മദ് നൗഫലിനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒരു മാസത്തിനു ശേഷം വിട്ടയച്ചിരുന്നു. അപസ്മാര രോഗത്തിനുള്ള മരുന്നിൽ ലഹരിയുടെ അംശം ഉള്ളതിനാൽ സൗദിയിൽ വിലക്കുള്ള വിവരം അറിയാതിരുന്നതും ഒരു വർഷത്തേക്കുള്ള 1400 ഓളം ഗുളികകൾ ഒന്നിച്ചു ലഗേജിൽ കണ്ടെത്തിയതുമാണ് ഇരുവർക്കും വിനയായത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അംഗീകാരത്തോടെ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് മമ്പാട് നടത്തിയ പരിശ്രമത്തിനൊടുവിലാണ് അബ്ദുസ്സമദ് ജയിൽ മോചിതനായത്.
ഗൾഫിലേക്ക് മരുന്നുകൾ കൊണ്ടുവരുമ്പോൾ നാട്ടിലെ മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ടു മരുന്നുകൾ നിരോധിത ലിസ്റ്റിൽ ഇല്ലെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.