വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനൊരുങ്ങി സൗദി മന്ത്രാലയം
സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക
സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പദ്ധതി തുടങ്ങും. സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍ ഇതിനായി മന്ത്രാലയം വകയിരുത്തും.
സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമദ് ബിന്‍ മുഹമ്മദ് അല്‍ അഷേക്ക് പറഞ്ഞതാണ് ഇക്കാര്യം. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര രീതിയനുസരിച്ചുള്ള ആകര്‍ഷകമായ നിക്ഷേപ പരിസ്ഥിതി രൂപപെടുത്തുക എന്നിവയാണ് ലക്ഷ്യം.
ആദ്യ പദ്ധതിയില്‍ മക്കയില്‍ 33 സ്കൂളുകളുണ്ടാകും. ജിദ്ദയില്‍ 27 എണ്ണവും. നിര്‍മ്മാണവും പരിപാലനവും ഇതില്‍ പെടും. 57 കമ്പനികള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ രംഗത്തുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള പുതിയതും പഴയതുമായ സ്‌കൂളുകളില്‍ വിദ്യഭ്യാസം സൗജന്യമായി തന്നെ തുടരും. ഈ പദ്ധതിക്കായി പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍ നല്‍കുന്ന പ്രമേയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.