സൗദി - ഇന്ത്യ ഊര്‍ജ്ജ മേഖലാ സഹകരണം ശക്തമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം

സൗദി എനര്‍ജി സെന്‍ററും ഇന്ത്യയിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് പ്രൊഡക്ടിവിറ്റിയും തമ്മിലാണ് സഹകരണ കരാര്‍ ഒപ്പുവെക്കുക

Update: 2019-02-19 19:06 GMT
Advertising

സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്ത് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍ജ്ജ മേഖലയിലെ പുതിയ കാല്‍വെപ്പിന് അംഗീകാരം നല്‍കിയത്. രൂപരേഖ തയാറാക്കാനും പ്രാഥമിക ധാരണ ഒപ്പുവെക്കാനും സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

സൗദി എനര്‍ജി സെന്‍ററും ഇന്ത്യയിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് പ്രൊഡക്ടിവിറ്റിയും തമ്മിലാണ് സഹകരണ കരാര്‍ ഒപ്പുവെക്കുക. ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും കരാറിന്‍റെ രൂപരേഖ തയ്യാറാക്കാനും പ്രാഥമിക ധാരണ ഒപ്പുവെക്കാനും ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ധാരണ കരാറിന്‍റെ അന്തിമ അംഗീകാരത്തിനായി സൗദി ഉന്നത സഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ രാജ്യങ്ങളുമായുള്ള വിവിധ മേഖലയിലെ സഹകരണവും വാണിജ്യ, നിക്ഷേപ മേഖലയിലെ വര്‍ധനവും സന്ദര്‍ശനത്തിന്‍റെ ഫലമായിരിക്കുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. റിയാദ് പ്രവിശ്യയില്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച 1281 പദ്ധതികളുടെ ഭാവി മന്ത്രിസഭ വിലയിരുത്തി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ കാരണമാവുമെന്നും 82 ബില്യണ്‍ റിയാലിന്‍റെ പദ്ധതി റിയാദിന്‍റെ മുഖം മാറ്റുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

Tags:    

Similar News