പൗരത്വ നിയമത്തിനെതിരെ സൗദി തലസ്ഥാനത്ത് മലയാളി സംഘടനകളുടെ ബഹുജന സംഗമം
നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകളുമായി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്
പൗരന്മാരെ രണ്ടായി തിരിക്കാനുള്ള പൗരത്വ ഭേദഗതിക്കെതിരെ സൗദി തലസ്ഥാനത്ത് മലയാളി സംഘടനകളുടെ ബഹുജന സംഗമം. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാദിലെ എക്സിറ്റ് പതിനെട്ടില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
റിയാദില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ രൂപീകരിച്ച സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. സൌദിയില്‍ വിവിധ സംഘടനകള്‍ നടത്തുന്ന സമര പരിപാടികളില്‍ ഏറ്റവും വലുതായിരുന്നു റിയാദില്‍ നടന്ന ബഹുജന സംഗമം. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകളുമായി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
വിവിധ മലയാളി സംഘടനകളുടെ ഐക്യവേദി കൂടിയായി മാറിയ സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്ത് പാസാക്കിയ ബില്‍ സംബന്ധിച്ച് അബ്ദുറഹ്മാന്‍ അറക്കല്‍, ഡോ. മുഹമ്മദ് നജീബ് എന്നിവര്‍ അവതരണം നടത്തി. കെ.എം.സി.സി, ഒ.ഐ.സി.സി, സമസ്ത, തനിമ, ഐ.സി.എഫ്, എം.ഇ.എസ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, പ്രവാസി സാംസ്കാരിക വേദി തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു.
യു.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുമെന്നും സമ്മേളനത്തിനെത്തിയവര്‍ പ്രതിജ്ഞയെടുത്തു.