കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ ഇതിനകം ചിലവഴിച്ചത് 214 ബില്യണ്‍ റിയാല്‍
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും നിക്ഷേപകര്‍ക്കും പിന്തുണ നല്‍കുന്നതിനായി 142 വിഭാഗങ്ങളിലായാണ് ഇത്രയും തുക ചിലവഴിച്ചത്.
കോവിഡ് ഉത്തേജന പാക്കേജുകള്‍ വഴിയാണ് സര്‍ക്കാര്‍ തുക ചിലവഴിച്ചത്. നൂറ്റി നാല്‍പ്പത്തി രണ്ടോളം സംരഭങ്ങളിലായി അന്‍പത്തിയേഴ് ബില്യണ്‍ ഡോളര്‍ ഏകദേശം 214 ബില്യണ്‍ റിയാല്‍ ചിലവഴിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തൊഴില്‍ മേഖലയിലുണ്ടായ താല്‍ക്കാലിക അടച്ചിടല്‍, വേതന സംരക്ഷണം, ഇറക്കുമതി ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ നീട്ടിവെക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഉത്തേജന പാക്കേജിന് വിധേയമായ സംരഭങ്ങള്‍. വ്യക്തിഗത തലത്തിലും പാക്കേജിന്റെ പ്രയോജനം ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി ആറര ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ട് പ്രയോജനം ലഭിച്ചതായും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നികുതി ഇളവ്, സക്കാത്ത് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അധിക സമയം അനുവദിക്കല്‍ എന്നിവ മുഖേന നിക്ഷേപകര്‍ക്കും ബിസിനസ് സംരഭകര്‍ക്കും സഹായം ലഭിച്ചു. കോവിഡ് പകര്‍ച്ച വ്യാധി നേരിട്ട് ബാധിച്ച ബിസിനസ് മേഖലയില്‍ ജോലി ചെയ്യുന്ന 12 ലക്ഷത്തിലധികം വരുന്ന സ്വദേശികളുടെ ക്ഷേമത്തിനായി ഒന്‍പത് ബില്യണ്‍ റിയാല്‍ ചിലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.