മസ്ജിദുന്നബവിയില്‍ റമദാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
സൗദിയില്‍ കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ മദീനയിലെ പ്രവാചക പള്ളിയില്‍ ഇത്തവണത്തെ റമദാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
സൗദിയില്‍ കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ മദീനയിലെ പ്രവാചക പള്ളിയില്‍ ഇത്തവണത്തെ റമദാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇഅ്തികാഫ് ഇരിക്കുന്നതിന് ഇത്തവണയും അനുവാദമുണ്ടാകില്ല. റമദാനിലെ രാത്രി നമസ്‌കാരം ചുരുക്കും. ഇഫ്താറുകള്‍ ലഘു വിഭവങ്ങളില്‍ പരിമിതപ്പെടുത്താനും തീരുമാനം.
ഇത്തവണ റമദാനില്‍ മസ്ജിദുന്നബവിയിലെ ഇഫ്താര്‍ വേളയിലെ വിഭവമായി ഈത്തപ്പഴവും വെള്ളവും മാത്രമായി പരിമിതപ്പെടുത്തിയതായി മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. വ്യക്തിഗത ഇഫ്താറുകള്‍ നിശ്ചിത വ്യവസ്ഥകളും നിര്‍ദേശങ്ങളുമനുസരിച്ചായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മസ്ജിദുന്നബവി കാര്യാലയമായിരിക്കും ഈത്തപ്പഴവും വെള്ളവും നല്‍കുക. പുറമെ നിന്ന് പള്ളിയിലേക്കും മുറ്റങ്ങളിലേക്കും ഭക്ഷണമോ, പാനീയമോ കൊണ്ടുവരുന്നത് അനുവദിക്കില്ല.
അകത്തേയും പുറത്തേയും മുറ്റങ്ങളില്‍ സന്ദര്‍ശകര്‍ക്കും നമസ്‌കരിക്കാനെത്തുന്നവര്‍ക്കും അത്താഴ ഭക്ഷണം നല്‍കുന്നതിനും വിലക്കുണ്ട്. തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകള്‍ ചുരുക്കും. തറാവീഹ് നമസ്‌കാരം കഴിഞ്ഞു അരമണിക്കൂറിനകം പള്ളി അടച്ചിടും. സന്ദര്‍ശകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിനും ഈ വര്‍ഷം റമദാനിലെ അവസാന പത്തില്‍ പള്ളിക്കകത്ത് ഇഅ്തികാഫ് ഇരിക്കുന്നത് വേണ്ടെന്ന് തീരുമാനിച്ചതായും മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.