അതിവേഗം ആറ് മില്ല്യൺ; യൂട്യൂബിൽ നാഴികക്കല്ല് പിന്നിട്ട് മീഡിയവൺ
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദശലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും മീഡിയ വൺ വാർത്തകളും വാർത്താനുബന്ധ പരിപാടികളും വീക്ഷിക്കുന്നത്.
കോഴിക്കോട്: ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ ആറു മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം സ്വന്തമാക്കി മീഡിയ വൺ. ഈ നാഴികക്കല്ല് പിന്നിടുന്ന മലയാളത്തിലെ നാലാമത്തെ മാത്രം വാർത്താചാനലാണ് മീഡിയവൺ. പുതിയ കാലത്ത് പ്രേക്ഷകർ വാർത്തകൾ കാണാനും കേൾക്കാനും തെരഞ്ഞെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മീഡിയവണ്ണിനുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതാണ് അറുപത് ലക്ഷം വരിക്കാരെന്ന ഈ നേട്ടം. വാർത്തയുടെ സമഗ്രതയിലും അവതരണത്തിലും വിശ്വാസ്യതയിലും ചാനൽ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് പ്രേക്ഷക സമൂഹം നൽകുന്ന പിന്തുണയുടെ സാക്ഷ്യമാണിത്.
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദശലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും മീഡിയ വൺ വാർത്തകളും വാർത്താനുബന്ധ പരിപാടികളും വീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള വീഡിയോ വ്യൂസിൽ മീഡിയവൺ മുൻനിരയിലുണ്ടെന്ന് സോഷ്യൽബ്ലേഡ്, ക്രൗഡ് ടാങ്കിൾ, വിഡ് ഐക്യൂ തുടങ്ങിയ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിവിധ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പിന്തുണക്കുന്നവരുടെ എണ്ണത്തിൽ മലയാള ചാനലുകളിൽ മുൻനിരയിൽ തന്നെയാണ് മീഡിയവണ്ണിൻ്റെ സ്ഥാനം.
വാർത്തകൾ കൃത്യതയോടെയും വേഗത്തിലും എത്തിക്കുന്നതിന് പുറമേ വേറിട്ട വാർത്താ വിശകലന പരിപാടികളും മികച്ച വാർത്താ സംവാദങ്ങളും മീഡിയവണ്ണിനെ സമൂഹ മാധ്യമങ്ങളിലെ പ്രേക്ഷകർക്കും പ്രിയപ്പെട്ടതാക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ മീഡിയവൺ കൊണ്ടുവന്ന പരിപാടികളും പരീക്ഷണങ്ങളും വ്യാപകമായി അനുകരിക്കപ്പെടുന്നുണ്ട്. Media One TV Live എന്ന പ്രധാന ചാനലിനു പുറമേ സ്പോർട്സ്, വിനോദം, ഗൾഫ് തുടങ്ങി വിവിധ മേഖലകളിലായും യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിൽ മീഡിയ വണ്ണിന് ശക്തമായ സാന്നിധ്യമുണ്ട്.
മലയാളത്തിന്‍റെ മാധ്യമസംസ്‌കാരത്തിലെ തിരുത്തൽ ശക്തിയായി 11 വർഷം മുമ്പാണ് മീഡിയവൺ സംപ്രേഷണം ആരംഭിച്ചത്. 2012 ജൂൺ 16ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള ചാനൽ ആസ്ഥാനത്തിനു തറക്കല്ലിട്ടത്. 2013 ഫെബ്രുവരി 10ന് കോഴിക്കോട് സ്വപ്‌നനഗരിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്‍റണി ചാനൽ ലോഞ്ചിങ്ങും നിർവഹിച്ചു.
വാർത്താന്വേഷണത്തിലും അവതരണത്തിലും പുതിയൊരു ഭാവുകത്വം കൊണ്ടുവരാനായതും മൂല്യവും വിശ്വാസ്യതയുമുള്ള വാർത്താ സ്രോതസെന്ന പ്രേക്ഷകാംഗീകാരം നേടിയെടുക്കാനായതും ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്. ദേശീയ വാർത്തകളിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ, പ്രവാസത്തിന്‍റെ പ്രതീക്ഷയും പ്രാതിനിധ്യവുമാകാൻ, അന്തർദേശീയ വാർത്താ റിപ്പോർട്ടിങ്ങിൽ പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമാകാൻ മീഡിയവണ്ണിനെ സഹായിച്ചത് മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള സഞ്ചാരമാണ്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മാധ്യമ വിലക്കിനെതിരായ പോരാട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം മീഡിയവണിനൊപ്പം അണിനിരന്നതും മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനത്തോടുള്ള പ്രതിബദ്ധത കൊണ്ടായിരുന്നു.
നിരന്തരം ഭരണകൂടവേട്ടകൾക്കിരയാകുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, സത്യത്തോടും നീതിയോടും മാത്രമുള്ള പ്രതിബദ്ധതയുമായി, അചഞ്ചലമായ സഞ്ചാരം തുടരുകയാണ് മീഡിയവൺ. കാമ്പുള്ള കാഴ്ചകൾക്കായി, നീതിബോധമുള്ള വാർത്തകൾക്കായി മീഡിയവൺ ചാനൽ തുറന്നിരിക്കുന്ന പ്രേക്ഷകലക്ഷങ്ങളാണ് ഞങ്ങളുടെ കരുത്ത്.