അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം, പന്തെറിഞ്ഞ് കോഹ്‍ലി, ലിയോ തരംഗം; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്

വെസ്റ്റ്ബാങ്കിലെ നൂർഷാം അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ സൈന്യം ഇരച്ചെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

Update: 2023-10-19 15:27 GMT
Advertising

സാരിയോടും രോഷം

ചാനൽ ചർച്ചയ്ക്കിടെ അവതാരകയണിഞ്ഞ സാരിയുടെ നിറം ചൂണ്ടിക്കാട്ടി രോഷാകുലനായി ഇസ്രായേൽ വക്താവ്. മിറർ നൗ ചാനലിൽ ശ്രേയ ധൂൻദയാൽ നയിച്ച ചർച്ചക്കിടെയാണ് സംഭവം. ഫലസ്തീൻ പതാകയിലെ നിറങ്ങളായ പച്ചയും ചുവപ്പും സാരിയിലുണ്ടായിരുന്നതാണ് ഇസ്രായേലുകാരനെ പ്രകോപിപ്പിച്ചത്.

നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് സ്പാനിഷ് മന്ത്രി 

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന പരാമർശത്തിന് പിന്നാലെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന ആവശ്യവുമായി സ്പാനിഷ് സാമൂഹികാവകാശ വകുപ്പുമന്ത്രി ലോണ്‍ ബെലാര. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നാം കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നാണ് ബെലാര സ്പാനിഷ് സർക്കാറിനോട് ആവശ്യപ്പെടുന്നത്. ഈ വംശഹത്യക്ക് രാഷ്ട്രീയമായി ഉത്തരവാദികളായവർക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ ചർച്ച അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഐക്യദാർഢ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രായേലിന് ഐക്യദാർഢ്യം നേരാനാണ് വന്നതെന്നും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും ഋഷി സുനക് പറഞ്ഞു. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബ്രിട്ടീഷ് ബന്ദികളുടെ മോചനത്തിനായും ഒന്നിച്ചു ശ്രമിക്കുമെന്നും ഋഷി സുനക് പറഞ്ഞു. ഇന്ന് ഇസ്രായേലിലെത്തിയ ഋഷി സുനക് പ്രശ്ന പരിഹാരത്തിനായി ഇസ്രായേലിന്‍റെ അയൽ രാജ്യങ്ങളിലും സന്ദർശനം നടത്തും.

അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം

വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂർഷാം അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ സൈന്യം ഇരച്ചെത്തി ആക്രമണം നടത്തിയത്. അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം തുടരുകയാണ്. ഇന്ന് രാവിലെ മുതൽ ഗസ്സയിലെ വിവിധയിടങ്ങളിൽ ആക്രമണം തുടർന്നു കൊണ്ടിരിക്കുകയാണ്.

'പാൻട്രി കാറിൽ നിന്ന് ഭക്ഷണം കഴിക്കുന്ന എലി'; വൈറൽ വീഡിയോ

ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ പഴി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരാതികൾ കുന്നുകൂടുമ്പോഴും സ്ഥിതിഗതികളിൽ സാരമായ മാറ്റമുണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഏറ്റവും പുതിയത്. വീഡിയോ വൈറലായതോടെ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയിട്ടുമുണ്ട്. മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്. മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

'ആ മെഡല്‍ ഇന്നെനിക്ക് വേണം'

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ബോളർമാരുടെ നിറഞ്ഞാട്ടം ഒരിക്കൽ കൂടി ആരാധകർ കണ്ടു. ബംഗ്ലാദേശ് ഓപ്പണർമാർ ആദ്യം ഒന്ന് വിറപ്പിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര തകർന്നടിഞ്ഞു. 50 ഓവറിൽ 256 റൺസെടുക്കാനേ ബംഗ്ലാ കടുവകള്‍ക്കായുള്ളൂ.

മുഷ്ഫിഖു റഹീമിന്റെ ഷോട്ടിനെ ഓഫ് സൈഡിൽ പറന്ന് കൈപ്പിടിയിലൊതുക്കിയ ജഡേജയുടെ ആഘോഷമാണിപ്പോൾ സോഷ്യൽ മീഡിയയില്‍ ക്രിക്കറ്റ് ആരാധകരുടെ ചർച്ചകളിൽ നിറയേ. ക്യാച്ചെടുത്ത ശേഷം ഇന്ത്യൻ ഫീൽഡിങ് കോച്ചിനെ നോക്കി ഒരു മെഡൽ കഴുത്തിലണിയുന്നത് പോലെയുള്ള ആംഗ്യം കാണിക്കുകയായിരുന്നു ജഡേജ.

ഹാർദിക്കിന്‍റെ ഓവർ പൂർത്തിയാക്കി കോഹ്‍ലി

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പന്തെറിഞ്ഞ് സൂപ്പർതാരം വിരാട് കോഹ്ലി. കാലിന് പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ പിന്മാറിയതോടെ താരത്തിന്‍റെ ഓവർ പൂർത്തിയാക്കാനാണ് കോഹ്ലി പന്തെടുത്തത്.

തരംഗമായി ലിയോ

കാത്തിരിപ്പിനൊടുവിൽ വിജയുടെ ലിയോ തിയേറ്ററുകളിൽ. തെന്നിന്ത്യയിൽ റിലീസിന് മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രങ്ങളിലൊന്നാണ് 'ലിയോ'. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച കേരളത്തിലെ പ്രദർശനത്തിനു മുൻപ് തന്നെ മിക്ക ജില്ലകളിലെയും തിയേറ്ററിനു മുന്നിൽ ആഘോഷപരിപാടികൾ അരങ്ങേറിയിരുന്നു.


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News