ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും കിവീസും
വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം.
ഇന്ത്യ ന്യൂസിലാന്‍ഡ് അവസാന ഏകദിനം ഇന്ന്. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം.
ഏകദിന പരമ്പരയില്‍ മഹേന്ദ്രസിങ് ധോണിയും സംഘവും നേരിടുന്ന പ്രധാന പ്രശ്‌നം ഫിനിഷിങിലെ പോരായ്മയാണ്. കഴിഞ്ഞ നാല് ഏകദിനത്തിലും ന്യൂസിലാന്റാണ് ആദ്യം ബാറ്റ് ചെയ്തത്. ഇന്ത്യ ജയിച്ച രണ്ട് മല്‍സരങ്ങളിലും ചേസിങിന് കടിഞ്ഞാണേന്തിയത് വിരാട് കോഹ്ലിയായിരുന്നു. കോഹ്ലി നിറംമങ്ങിയപ്പോഴൊക്കെ ടീം തോറ്റു. രണ്ടാം ഏകദിനത്തില്‍ ആറ് റണ്‍സിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ കളി അടിയറവെച്ചത് 19 റണ്‍സിനും.
ഓപ്പണിങില്‍ രോഹിത് ശര്‍മ്മ ഇതുവരെ ഫോമിലേക്കുയരാത്തത് ധോണിക്ക് തലവേദനയാണ്. വിശാഖപട്ടണത്ത് രോഹിത് താളം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം യുവതാരങ്ങളായ മനീഷ് പാണ്ഡെ, ഹര്‍ദീക്ക് പാണ്ഡെ, കേദാര്‍ യാദവ് എന്നിവര്‍ക്ക് മികച്ച അവസരം ലഭിച്ചിട്ടും താളം കണ്ടെത്താനാകുന്നില്ല. ബൗളര്‍മാര്‍ എക്‌സ്ട്രാ റണ്‍സ് വിട്ടുകൊടുക്കുന്നതും ടീമിനെ വലയ്ക്കുന്നു. ഇതിനകം 30 വൈഡുകളാണ് നല്‍കിയത്.
സ്പിന്നര്‍മാര്‍ കാണിക്കുന്ന പ്രകടനം മികച്ചതാണ്. അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവിന് മുന്നില്‍ നിലയുറപ്പിക്കാന്‍ കിവീസ് ബാറ്റിങിന് കഴിയുന്നില്ല. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് വിശാഖപട്ടണത്ത് ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കിവീസിനും ജയം അനിവാര്യമാണ്. ഏകദിന പരമ്പര സ്വന്തമാക്കി മുഖം രക്ഷിക്കലാണ് കെയ്ന്‍ വില്യംസണിന്റേയും സംഘത്തിന്റേയും ലക്ഷ്യം.