മൌറീഞ്ഞോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപിടിച്ചുയര്‍ത്തുമോ?

Update: 2017-05-15 21:35 GMT
Editor : admin
മൌറീഞ്ഞോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപിടിച്ചുയര്‍ത്തുമോ?
Advertising

പ്രതാപം നഷ്ടമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപിടിച്ചുയര്‍ത്തുക എന്ന വലിയ വെല്ലുവിളി മൌറീന്യോ എങ്ങനെ മറികടക്കും

ആധുനിക ഫുട്ബോളിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകനെന്നാണ് ഹോസെ മൌറീഞോയെ ഫുട്ബോള്‍ ലോകം വിശേഷിപ്പിക്കുന്നത്. പ്രതാപം നഷ്ടമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൈപിടിച്ചുയര്‍ത്തുക എന്ന വലിയ വെല്ലുവിളി മൌറീന്യോ എങ്ങനെ മറികടക്കും എന്ന ആകാംക്ഷയിലാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍.

ഈ സീസണിലെ ചെല്‍സിയുടെ പ്രീമിയര്‍ ലീഗിലെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ മാനേജര്‍ സ്ഥാനത്തു നിന്നും മൌറീന്യോയുടെ പുറത്താകലില്‍ കാര്യങ്ങള്‍ അവസാനിക്കുകയും ചെയ്തു. എന്നിട്ടും മാസങ്ങള്‍ക്കിപ്പുറം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പോലെ പാരമ്പര്യമുള്ള ഒരു ക്ലബ് മൌറീന്യോയെ ടീം മാനേജറാക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും അത്ര തന്നെ ലീഗ് കപ്പും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ച മൌറീന്യോ എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും ചെല്‍സിക്ക് നേടിക്കൊടുത്തു.

യൂറോപ്പിലെ വമ്പന്മാരൊന്നുമല്ലാതിരുന്ന പോര്‍ച്ചുഗല്‍ ക്ലബ് എഫ്.സി. പോര്‍ട്ടോയെ യുവേഫ കപ്പിലും തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കിയാണ് മൗറീന്യോ വരവറിയിക്കുന്നത്. തുടര്‍ന്ന് ചെല്‍സിയിലേക്ക്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ആധിപത്യമവസാനിപ്പിച്ച് ചെല്‍സിയെ തുടരെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കി. ഇന്റര്‍മിലാനിലാണ് മൌറീന്യോയെ പിന്നീട് കണ്ടത്. ആദ്യ സീസണില്‍ ഇറ്റാലിയന്‍ കിരീടം നിലനിര്‍ത്താനായെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന ദൗത്യം നിറവേറ്റാന്‍ മൗറീന്യോയ്ക്കായില്ല. തിരിച്ചടികളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മൌറീന്യോയിലെ പരിശീലകന്‍ തൊട്ടടുത്ത സീസണില്‍ ഈ കുറവും പരിഹരിച്ചു. ഇന്റര്‍ യൂറോപ്പിന്റെ ചക്രവര്‍ത്തിമാരായി അവരോധിക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ക്കൂടി മൗറീന്യോയെന്ന തന്ത്രശാലിയായ പരിശീലകനെ ഫുട്‌ബോള്‍ ലോകം തിരിച്ചറിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ ക്ലബ് സീസണില്‍ ട്രിപ്പിള്‍ കിരീടം നേടിയതിന്റെ ക്രെഡിറ്റും മൌറീന്യോക്ക് സ്വന്തം. ഇറ്റലിയിലെ പടലപ്പിണക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നത് 2010ല്‍. മൂന്ന് വര്‍ഷത്തിനിടയില്‍ ലാലിഗ കിരീടവും, കോപ ഡെല്‍ റേയും, സൂപ്പര്‍ കപ്പും സാന്‍റിയാഗോ ബെര്‍ണബ്യൂവിലേക്കെത്തി. പക്ഷേ കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പരസ്പര ധാരണയില്‍ അവിടെ നിന്നും പടിയിറങ്ങിയാണ് രണ്ടാമൂഴത്തിനായി ചെല്‍സിയിലെത്തുന്നത്.

എന്നും വിവാദങ്ങളോടും വിമര്‍ശങ്ങളോടും പടവെട്ടി വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കിയ ചരിത്രമുള്ള പരിശീലകനാണ് മൌറീഞോ. രണ്ടാം വരവില്‍ ചെല്‍സിയിലൂടെ സാധിക്കാതെ പോയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലിലൂടെ മൌറീന്യോ സാധിക്കുമെന്ന് തന്നെയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News