രണ്ടു തലമുറയിലെ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍മാര്‍ കൊച്ചിയില്‍ മുഖാമുഖം; പോരടിക്കാനല്ല
32 വർഷത്തിന് ശേഷമുള്ള ആദ്യ വിജയത്തിന്റെ ആഹ്ലാദം രണ്ടു തലമുറയിലെ ചാമ്പ്യന്മാർ പങ്കിട്ടു.
പുതുച്ചേരിയിൽ നടന്ന ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള താരങ്ങൾക്ക് 1984 ലെ ആദ്യ ദേശീയ ചാമ്പ്യന്മാർ കൊച്ചിയിൽ സ്വീകരണം നല്‍കി. 32 വർഷത്തിന് ശേഷമുള്ള ആദ്യ വിജയത്തിന്റെ ആഹ്ലാദം രണ്ടു തലമുറയിലെ ചാമ്പ്യന്മാർ പങ്കിട്ടു.
ബാസ്ക്കറ്റ് ബാളിൽ കേരളം ആദ്യമായി കിരീടം ചൂടുന്നത് 1984 ൽ ആണ്. രണ്ടാമത്തെ വിജയം 32 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും . 84 ൽ പഞ്ചാബിനെ തോല്‍പിച്ച് വിജയം സ്വന്തമാക്കിയവർ വീണ്ടും ഒത്തുകൂടിയത് ചുണക്കുട്ടികളായ കുഞ്ഞനുജത്തിമാരുടെ വിജയത്തിൽ സന്തോഷം പങ്കിടാനാണ്. മൂന്ന് ദശാബ്ദക്കാലം കൊണ്ട് ജീവിതത്തിന്റെ വിവിധ തലങ്ങളിൽ എത്തിയവർ, പഴയ അനുഭവങ്ങൾ പങ്കുവെച്ചു. സെൽഫി എടുത്തും തമാശ പങ്കിട്ടും അവർ സംഗമം ആഘോഷമാക്കി. ബാസ്കറ്റ് ബോൾ താരം കൂടിയായ എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫിറുള്ളയും ഈ കൂടിച്ചേരലിന് സാക്ഷിയാകാൻ എത്തി. പഴയ താരങ്ങൾ പുതിയ താരങ്ങൾക്ക് ഉപഹാരങ്ങൾ നൽകി. കടവന്ത്ര റീജിണൽ സ്പോർട്സ് സെന്ററിന്റെയും എറണാകുളം ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെയും സഹകരണത്തോടെയായിരുന്നു ചടങ്ങ്.