നാണം കെട്ട തോൽവി: ഗൗതം ഗംഭീർ മുൾമുനയിൽ, കടുത്ത വിമർശനം
ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ വിമർശനം കടുക്കുന്നു. ഗംഭീർ മുഖ്യപരിശീലകനായ ശേഷം ശ്രീലങ്കയിൽ ഏകദിന പരമ്പര പരാജയപ്പെട്ടതും ന്യൂസിലാൻഡിനോട് ഇന്ത്യയിൽ വെച്ച് ചരിത്രത്തിലാദ്യമായൊരു ടെസ്റ്റ് പരമ്പര തോറ്റതും ബിസിസിഐ ഗൗരവമായാണ് കാണുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗംഭീറിനെതിരെ ഇതിനോടകം തന്നെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. തോൽവിക്ക് പിന്നാലെ സുനിൽ ഗവാസ്കർ പ്രതികരിച്ചതിങ്ങനെ :‘‘ ഏറെക്കാലത്തിന് ശേഷം ശ്രീലങ്കയിൽ പോലും ഇന്ത്യ ഏകദിന പരമ്പര തോറ്റു. ഇപ്പോഴിതാ ഒരു നാണം കെട്ട തോൽവിയും. ഫലങ്ങൾ തന്നെ എല്ലാം സംസാരിക്കുന്നുണ്ട്’’ -ഗവാസ്കർ പ്രതികരിച്ചു. കൂടാതെ തീരുമാനങ്ങളെല്ലാം എടുത്തത് ഗംഭീറാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനയും ഗവാസ്കർ നടത്തി.
മുൻ കോച്ചുമാരായ രാഹുൽ ദ്രാവിഡിനും രവി ശാസ്ത്രിക്കുമൊന്നുമില്ലാത്ത അധികാരം ഗൗതം ഗംഭീറിന് ബി.സി.സി.ഐ വകവെച്ചുകൊടുത്തിരുന്നു. ടീം സെലക്ഷനിൽ ഇടപെടുന്നതോടൊപ്പം തന്നെ അസിസ്റ്റന്റ് കോച്ചുമാരെ നിയമിക്കുന്നതിലും ഗംഭീറിന് പൂർണ അധികാരം നൽകിയിരുന്നു. ഇവയടക്കം ബിസിസിഐ പരിശോധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ന്യൂസിലൻഡിനെതിരായ 3-0ത്തിന്റെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവും തുലാസിലാണ്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ചു ടെസ്റ്റുകളിൽ മൂന്നെണ്ണമെങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ സാധ്യതയുള്ളൂ. ഓസീസ് പര്യടനത്തിലെ പ്രകടനം മോശമായാൽ ഗംഭീറിനെതിരെയുള്ള വിമർശനങ്ങളും കടുക്കും.