കേരള വോളിബോള്‍ ഫെഡറേഷന്‍ പിരിച്ചുവിട്ടു
മുന്‍കാല കളിക്കാരെ ഉള്‍പ്പെടുത്തി താത്കാലിക അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.
സംസ്ഥാന വോളിബോള്‍ അസോസിയേഷനില്‍ അധികാര തര്‍ക്കം. നിലവിലെ ഭരണസമിതി പിരിച്ച് വിട്ടെന്നും മുന്‍ വോളിബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി താത്കാലിക സമിതിയെ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിയോഗിച്ചെന്നും മുന്‍താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഫെഡറേഷന് സംസ്ഥാന അസോസിയേഷനെ പിരിച്ച് വിടാന്‍ കഴിയുകയില്ലെന്ന് ഇപ്പോഴത്തെ സെക്രട്ടറി നാലകത്ത് ബഷീര്‍ പറഞ്ഞു.
സംസ്ഥാന വോളിബോള്‍ ഫെഡറേഷന്റെ താത്കാലിക സമിതിയില്‍ അഞ്ച് മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചതായി താരങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. എസ്എ മധു ചെയര്‍മാനായും ആര്‍ രാജീവ് കണ്‍വീനറായും താത്കാലിക സമിതിയെ നയിക്കുമെന്നും നിലവിലെ സെക്രട്ടറി രാജി വെക്കാന്‍ തയ്യാറായാല്‍ സമിതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും ആര്‍ രാജീവ് പറഞ്ഞു.
എന്നാല്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കപ്പെട്ടതാണെന്നും ഇല്ലാത്ത ഫെഡറേഷന്‍ തന്നെയെങ്ങനെയാണ് നീക്കം ചെയ്യുകയെന്നും നാലകത്ത് ബഷീര്‍ ചോദിച്ചു. ഫെഡറേഷന്റെ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോളിബോള്‍ അസോസിയേഷന്‍ രണ്ട് തട്ടിലായി ശക്തമായ അധികാര തര്‍ക്കത്തിലേക്ക്. നീങ്ങുമ്പോള്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.