മലയാളികള്‍ക്ക് ലോക സ്കൂള്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍
പിഎന്‍ അജിത് 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയപ്പോള്‍ നിവ്യ ആന്‍റണിയും അനന്തു കെ എസും വെങ്കലം നേടി നാടിന് അഭിമാനമായി.
ലോക സ്കൂള്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുര്‍ക്കിയില്‍ സമാപിച്ചപ്പോള്‍ മൂന്ന് മെഡലുകളാണ് മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. പിഎന്‍ അജിത് 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയപ്പോള്‍ നിവ്യ ആന്‍റണിയും അനന്തു കെ എസും വെങ്കലം നേടി നാടിന് അഭിമാനമായി.
തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ അത്‌ലറ്റിക്സ് ചാന്പ്യന്‍ഷിപ്പില്‍ 13 മലയാളി താരങ്ങളാണ് പങ്കെടുത്തത്. മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടി പി എന്‍ അജിത്ത് മലയാളി മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. 8 മിനിറ്റ് 41 സെക്കന്‍റിലായിരുന്നു അജിത്തിന്‍റെ വെള്ളി നേട്ടം. കഴിഞ്ഞ സംസ്ഥാന ദേശീയ സ്കൂള്‍ കായിക മേളകളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ പറളി എച്ച്എസ്എസ് താരത്തിന് ലോക സ്കൂള്‍ അത്‌ലറ്റിക്സ് മീറ്റിലെ വെള്ളി അഭിമാനിക്കാവുന്ന നേട്ടമായി.
പോള്‍വാള്‍ട്ടില്‍ 3.20 ദൂരം താണ്ടിയാണ് പാലക്കാട് കല്ലടി എച്ച്എസ്എസിലെ നിവ്യാ ആന്‍റണി വെങ്കലം നേടിയത്. പോള്‍വാള്‍ട്ടില്‍ സംസ്ഥാന-ദേശീയ സ്കൂള്‍ റെക്കോഡിനുടമയായ നിവ്യ കണ്ണൂര്‍ കോളയാട് സ്വദേശിയാണ്. അനവധി റെക്കോഡുകള്‍ ഇതിനകം സ്വന്തം പേരിലുള്ള അനന്തു കെ എസ് ഹൈജംപില്‍ 1.96 ദൂരം ചാടിയാണ് വെങ്കലം നേടിയത്. 2.08 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ട അനന്തുവിന് തുര്‍ക്കിയില്‍ മികച്ച പ്രകടനം നടത്താനായില്ല. ഈയിനത്തില്‍ 1.99 മീറ്റര്‍ ദൂരം ചാടിയ ആള്‍ക്കാണ് ഒന്നാം സ്ഥാനം.
10 സ്വര്‍ണ്ണവും 19 വെള്ളിയും 25 വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക സ്കൂള്‍ അത്‌ലറ്റിക്സ് മീറ്റില്‍ നേടിയത്