പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രിയും
നായകന്‍ വിരാട് കൊഹ്‍ലിയുമായുള്ള അടുത്ത ബന്ധമാണ് ശാസ്ത്രിയുടെ തീരുമാനത്തിന് പിന്നില്‍. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയിലെ അംഗം കൂടിയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണയും
അനില്‍ കുംബ്ലെ സ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രിയും അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്നു. ശാസ്ത്രി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നായകന്‍ വിരാട് കൊഹ്‍ലിയുമായുള്ള അടുത്ത ബന്ധമാണ് ശാസ്ത്രിയുടെ തീരുമാനത്തിന് പിന്നില്‍. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയിലെ അംഗം കൂടിയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷവും പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കുംബ്ലെയ്ക്കാണ് നറുക്ക് വീണത്. കൊഹ്‍ലിയുടെ താത്പര്യങ്ങളെ അവഗണിച്ച് കുംബ്ലെ പരമ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ സൌരവ് ഗാംഗുലി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതേച്ചൊല്ലി ഗാംഗുലിയും ശാസ്ത്രിയും പിന്നീട് പരസ്യമായി കൊമ്പ് കോര്‍ക്കുകയും ചെയ്തു. കുംബ്ലെയുമായി ഒത്തു പോകുക അസാധ്യമാണെന്ന് വ്യക്തമാക്കിയ കൊഹ്‍ലി ലക്ഷ്മണിനോടും സച്ചിനോടും ശാസ്ത്രിയോടുള്ള താത്പര്യം വ്യക്തമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമനം ഉറപ്പാണെങ്കില്‍ മാത്രമെ ഇത്തവണ അപേക്ഷിക്കുകയുള്ളുവെന്നും ക്യൂ നില്‍ക്കാനില്ലെന്നുമായിരുന്നു ശാസ്ത്രിയുടെ ഇതുവരെയുള്ള പ്രതികരണം. കൊഹ്‍ലിയുടെ ഭാഗത്ത് നിന്നും വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മനം മാറ്റി അപേക്ഷിക്കാന്‍ ശാസ്ത്രി ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന.