പി.ആര് ശ്രീജേഷ്, ഹോക്കിയിലെ മലയാളി പ്രതീക്ഷ
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച സര്‍ദാര്‍ സിങിനെ മാറ്റിയാണ് ശ്രീജേഷിനെ ക്യാപ്റ്റനാക്കിയത്
ഹോക്കിയില്‍ പി.ആര് ശ്രീജേഷ് എന്ന മലയാളി താരത്തിന്റെ സാന്നിധ്യം അയര്‍ലന്റിനെതിരായ മല്‍സരത്തെ ശ്രദ്ധേയമാക്കും. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച സര്‍ദാര്‍ സിങിനെ മാറ്റിയാണ് ശ്രീജേഷിനെ ക്യാപ്റ്റനാക്കിയത്. സമീപകാലത്ത് മികച്ച ഫോമിലൂടെയാണ് ശ്രീജേഷ് കടന്നുപോകുന്നത്.
ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് എറണാകുളം പളളിക്കര സ്വദേശിയായ പി ആര് ശ്രീജേഷ്. ഇതുവരെ 159 മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. പരസ്പരം പ്രചോദിപ്പിക്കുന്ന സംഘമായി ഇന്ത്യന്‍ ഹോക്കി ടീമിനെ വളര്‍ത്തിയതില്‍ ശ്രീജേഷിന്റെ പങ്ക് നിസ്തുലമാണ്.
2006 ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യന്‍ ജെഴ്സിയണിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചുസീനിയര് ഗോള്‍കീപ്പറായ അഡ്രിയന്‍ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. ഇന്ത്യന്‍ ഹോക്കി ഉയര്‍ച്ച താഴ്ചയിലൂടെ പോയപ്പോഴും ശ്രീജേഷ് സ്ഥിരിതയുളള പ്രകടനം കാഴ്ചവെച്ചു. 2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഇന്ത്യ സ്വര്‍ണം നേടിയത് ശ്രീജേഷിന്റെ മികവിലാണ്. കോമണ്‍ വെല്‍സ് ഗെയിംസില്‍ വെളളി മെഡല്‍ നേടിയപ്പോഴും ശ്രീജേഷ് ടീമിന്റെ ഭാഗമായി. 2015 ലെ ലോക ഹോക്കി ലീഗില്‍ വെങ്കലമണിയാനും ശ്രീജേഷിനായി. ഇതിനിടെ അംഗീകാരങ്ങളും ശ്രീജേഷിനെ തേടിയെത്തി. കഴിഞ്ഞ സീസണില്‍ മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുളള ധ്രുവബത്ര പുരസ്ക്കാരം നേടി. കഴിഞ്ഞതവണ അര്‍ജുന അവാര്‍ഡും ലഭിച്ചു. സര്‍ദാര്‍ സിംഗ് ലൈംഗിക വിവാദത്തില്‍ പെട്ടത് നായകസ്ഥാനത്തേക്കുള്ള ശ്രീജേഷിന്റെ വരവ് എളുപ്പമാക്കി.
പ്രതീക്ഷകളും പേറിയാണ് ശ്രീജേഷും സംഘവും റിയോയില്‍ അയര്‍ലന്റിനെതിരെ കളിക്കുക. ജര്‍മ്മനി, നെതര്ലന്സ്, അര്‍ജന്റീന, ക്യാനഡ എന്നിവരുള്‍പ്പെട്ട ടീമിലാണ് ഇന്ത്യ കളിക്കുക. ഗോള്‍വലക്ക് താഴെ ഇമചിമ്മാതെ നില്ക്കുന്ന ശ്രീജേഷിന്റ സാന്നിധ്യം ടീമിന് കരുത്തേകും. ശ്രീജേഷിലൂടെ 36 വര്‍ഷത്തെ മെഡല്‍ കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ഹോക്കി ആരാധകര്‍.