സിക്സറുകളില്ലാതെ വെടിക്കെട്ടിന് തിരികൊളുത്തി റെയ്നയും വാര്‍ണറും
ഏറ്റുമുട്ടിയ രണ്ട് ടീമുകളുടെയും മികച്ച റണ്‍ വേട്ടക്കാര്‍ ഒരു സിക്സര്‍ പോലും പറത്താത്ത മത്സരമെന്ന കുട്ടിക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡും
പോക്കറ്റ് ഡയനാമിറ്റ് എന്നറിയപ്പെടുന്ന ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ മധ്യനിരയുടെ ശക്തി കേന്ദ്രമായ സുരേഷ് റെയ്നയും കൂറ്റനടികള്‍ക്ക് പേരു കേട്ട താരങ്ങളാണ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന ഗുജറാത്ത് - ഹൈദരാബാദ് മത്സരത്തില്‍ നായകന്‍മൊര്‍ക്ക് അനുയോജ്യമായ ഇന്നിങ്സ് തന്നെ ഇരുവരും പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടീമിനായി 75 റണ്‍സോടെ ടോപ് സ്കോററായി റെയ്ന തിളങ്ങിയപ്പോള്‍ അജയ്യനായി 74 റണ്‍സോടെ ഹൈദരാബാദിനെ ഏറ്റവും നല്ല റണ്‍ വേട്ടക്കാരനായി വാര്‍ണര്‍ മാറി.
പതിവു ശൈലിയില്‍ തകര്‍ത്താടിയെങ്കിലും ഇരുവരുടെ ഇന്നിങ്സിനെ ശ്രദ്ധേയമായത് ഒരു സിക്സര്‍ പോലും ആ ബാറ്റുകളില്‍ നിന്നും പിറന്നില്ലെന്ന വസ്തുതയാണ്. 147.05 എന്ന സ്ട്രൈക്ക് റേറ്റോടെ ഒമ്പത് ബൌണ്ടറികളുടെ അകമ്പടിയോടെയായിരുന്നു റെയ്നയുടെ ഇന്നിങ്സ്. വാര്‍ണറുടെ ഇന്നിങ്സിലുമുണ്ടായിരുന്നു ഒമ്പത് കിടിലന്‍ ബൌണ്ടറികള്‍. 154.16 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് കുട്ടി ഡയനാമിറ്റ് കത്തിക്കയറിയത്. ഏറ്റുമുട്ടിയ രണ്ട് ടീമുകളുടെയും മികച്ച റണ്‍ വേട്ടക്കാര്‍ ഒരു സിക്സര്‍ പോലും പറത്താത്ത മത്സരമെന്ന കുട്ടിക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡും ഈ പോരാട്ടത്തില്‍ പിറന്നു.