നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ബെല്‍ജിയം-ഫ്രാന്‍സ് പോരിന്

30 തവണ ജയിച്ച ബെല്‍ജിയത്തിനാണ് ചരിത്രത്തില്‍ മുന്‍തൂക്കം. ഫ്രാന്‍സ് 24 വട്ടം ജയിച്ചപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയായി

Update: 2018-07-10 02:43 GMT
Advertising

കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ 73 വട്ടം ഏറ്റുമുട്ടിയവരാണ് ബെല്‍ജിയവും ഫ്രാന്‍സും. 30 തവണ ജയിച്ച ബെല്‍ജിയത്തിനാണ് ചരിത്രത്തില്‍ മുന്‍തൂക്കം. ഫ്രാന്‍സ് 24 വട്ടം ജയിച്ചപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയായി.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ബെല്‍ജിയം-ഫ്രാന്‍സ് പോരിന്. 1904ലെ ആദ്യ മത്സരത്തില്‍ ഇരുകൂട്ടരും മൂന്ന് ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരുവരും മുഖാമുഖം വരുന്നത് 1938ലെ ഫ്രാന്‍സ് ലോകകപ്പില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനായിരുന്നു ജയം.കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ ഫ്രാന്‍സ് മുന്നിലെത്തി.ജീന്‍ നിക്കോളാസിന്റെ ഇരട്ടഗോള്‍ കൂടിയായതോടെ കളി ഫ്രാന്‍സ് സ്വന്തമാക്കി.

1986ലെ മെക്സിക്കോന്‍ ലോകകപ്പില്‍ വീണ്ടും ഇരുവരും നേര്‍ക്കുനേര്‍..മൂന്നാം സ്ഥാനത്തിനായുള്ള പോരില്‍ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടി..ആദ്യ ഗോളടിച്ച് മുന്നിലെത്തിയത് ബെല്‍ജിയമായിരുന്നു. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് തന്നെ രണ്ട് ഗോളടിച്ച് ഫ്രാന്‍സ് മുന്നിലെത്തി.നിശ്ചിത സമയത്ത് ഇരുകൂട്ടരും 2 ഗോളടിച്ച് ഒപ്പത്തിനെത്തിയപ്പോള്‍ മത്സരം അധികസമയത്തേക്ക്. അധികസമയത്ത് രണ്ട് ഗോളുകള്‍ നേടി കളി ഫ്രാന്‍സ് സ്വന്തമാക്കി. ഒപ്പം മെക്സിക്കന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനവും.

1984ലെ യൂറോ കപ്പായിരുന്നു ഇരുകൂട്ടരും മുഖാമുഖം വന്ന മറ്റൊരു പ്രധാന ടൂര്‍ണമെന്റ്. ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഇരുവരും അവസാനം ഏറ്റുമുട്ടിയത് 2015ലെ സൌഹൃദമത്സരത്തില്‍. തുല്യശക്തികളുടെ പോരാട്ടത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബെല്‍ജിയത്തിനായിരുന്നു ജയം. റഷ്യന്‍ ലോകകപ്പിലെ അവരുടെ സൂപ്പര്‍ താരങ്ങളായ ഫെല്ലെനി ഇരട്ടഗോളും ഈഡന്‍ ഹസാര്‍ഡ് ഒരു ഗോളും നേടി ബെല്‍ജിയത്തിന്റെ വിജയശില്‍പ്പികളായി. ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ലോകകപ്പില്‍ ബെല്‍ജിയത്തോട് ഇതുവരെ തോറ്റിട്ടില്ലാത്തത് ഫ്രാന്‍സിന് ആത്മവിശ്വാസം നല്‍കുന്നു. കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ബെല്‍ജിയം.

Tags:    

Similar News