സ്ട്രൈക്കര്‍മാരെ അപ്രസക്തരാക്കി മിഡ്ഫീല്‍ഡര്‍മാര്‍ അരങ്ങുവാണ ലോകകപ്പ്

ശക്തമായ മിഡ്ഫീല്‍ഡര്‍മാരുള്ള ടീമുകള്‍ക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കാനായത്

Update: 2018-07-13 03:15 GMT
Advertising

സ്ട്രൈക്കര്‍മാരെ അപ്രസക്തരാക്കി മിഡ്ഫീല്‍ഡര്‍മാര്‍ അരങ്ങുവാണ ടൂര്‍ണമെന്റാണ് റഷ്യ ലോകകപ്പ്. ശക്തമായ മിഡ്ഫീല്‍ഡര്‍മാരുള്ള ടീമുകള്‍ക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.

ഫുട്ബോളിന്റെ മുഖമായ വന്‍താരങ്ങളൊക്കെ റഷ്യയില്‍ നിന്ന് മടങ്ങി. പക്ഷെ, ക്ലബ് മത്സരങ്ങളില്‍ ഇവരുടെ കൂട്ടുകാരായ മിഡ്ഫീല്‍ഡര്‍മാര്‍ക്ക് ഇപ്പോഴും റഷ്യയില്‍ ദൌത്യം പൂര്‍ത്തിയായിട്ടില്ല. റയല്‍ മാഡ്രിഡ് താരം ലൂക മോഡ്രിച്ചും ബാര്‍സലോണയുടെ ഇവാന്‍ റാകിട്ടിച്ചുമാണ് ക്രൊയേഷ്യയുടെ നട്ടെല്ല്. ഈ ലോകകപ്പിലുടനീളം ക്രൊയേഷ്യയുടെ വിജയരഹസ്യം ഇവരുള്‍പ്പെടുന്ന മധ്യനിരയുടെ ഒത്തിണക്കവും താളവുമാണ്.

സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തിരിച്ചടിയായതും മധ്യനിരയില്‍ കളി മെനയാന്‍ കഴിവുള്ള മിഡ്ഫീല്‍ഡറുടെ അഭാവമാണ്. ഡെലി അലിയും ലിംഗാര്‍ഡിനും ആ റോള്‍ നിര്‍വഹിക്കാനായില്ല. കോച്ച് സൌത്ഗേറ്റിന്റെ തന്ത്രങ്ങളിലും മധ്യനിരക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. മറ്റൊരു ഫൈനലിസ്റ്റായ ഫ്രാന്‍സിന്റെ ശക്തിയും അവരുടെ മധ്യനിരയിലാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ചിറകിലേറിയാണ് അവരുടെ എല്ലാ ആക്രമണ നീക്കങ്ങളും. പിന്തുണക്കാന്‍ പോള്‍ പോഗ്ബയും മറ്റ്യൂടിയും കോണ്ടെയുമുണ്ട്. ടീമിന്റെ പ്രതിരോധത്തിലും ഇവര്‍ക്ക് നിര്‍ണായക റോളുണ്ട്. സ്ട്രൈക്കര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ വരെ ബ്രസീലിനെ കൈപിടിച്ച് നടത്തിയത് കുട്ടിഞ്ഞോയും വില്യനുമുള്‍പ്പെടെ മിഡ്ഫീല്‍ഡര്‍മാര്‍.

റഷ്യയുടെ അപ്രതീക്ഷിതമായ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതും ഗൊളോവിന്‍, ചെറിഷേവ് തുടങ്ങിയ മിഡ്ഫീല്‍ഡര്‍മാരുടെ കളി മികവാണ്. അര്‍ജന്റീനയുടെ നിരാശജനകമായ പ്രകടനത്തിനും പോര്‍ച്ചുഗലിന് ഏറെ മുന്നോട്ടുപോകാന്‍ കഴിയാത്തതിന് പ്രധാന കാരണവും മികച്ച മിഡ്ഫീല്‍ഡറുടെ അഭാവവും. മധ്യനിരയില്‍ കളി നിയന്ത്രിച്ചിട്ടും ബോക്സിലേക്ക് അപകടകരമായ നീക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട സ്പെയിന് വിനയായത് മധ്യനിര ഫോമിലെത്താത്താണ്.

Tags:    

Similar News