അഫ്ഗാനിസ്താൻ ടി20 സംഘത്തെ ഇനി റാഷിദ് ഖാൻ നയിക്കും

ഐപിഎൽ, ബിബിൽ, പിഎസ്എൽ, സിപിഎൽ തുടങ്ങി ലോകത്തെ പ്രധാനപ്പെട്ട എല്ലാ ടി20 ക്രിക്കറ്റ് ലീഗുകളിലും മിന്നുംതാരമായ റാഷിദ് ഖാൻ ടി20 ബൗളർമാരുടെ ലോകറാങ്കിങ്ങില്‍ രണ്ടാമനുമാണ്

Update: 2021-07-06 14:06 GMT
Editor : Shaheer | By : Web Desk
Advertising

അഫ്ഗാനിസ്താൻ ടി20 ക്രിക്കറ്റ് ടീം നായകനായി ലെഗ് സ്പിന്നര്‍ റാഷിദ് ഖാൻ നിയമിതനായി. ലോകത്തെ പ്രധാനപ്പെട്ട ടി20 ലീഗുകളിലെല്ലാം സൂപ്പർ താരമായ റാഷിദ് ഖാൻ നിലവിൽ ലോക ടി20 ബൗളർമാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനുമാണ്. നായകനായി നിയമിതനായ വിവരം താരം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ടി20 ക്രിക്കറ്റിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പരിചിതമുഖങ്ങളിലൊരാളായ റാഷിദ് ഖാനെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മികച്ച പ്രകടനവും നേതൃശേഷിയും പരിഗണിച്ചാണ് ദേശീയ ടീമിന്റെ നായകസ്ഥാനം ഏൽപിച്ചതെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ്(എസിബി) വാർത്താകുറിപ്പിൽ അറിയിച്ചു. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലായി യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പ് തന്നെയാകും റാഷിദിനുമുൻപിലുള്ള ആദ്യ വെല്ലുവിളി. ശക്തരായ ഇന്ത്യയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അടങ്ങുന്ന ഗ്രൂപ്പ് 'ബി'യിലാണ് അഫ്ഗാനിസ്താനുള്ളത്.

252 ടി20 മത്സരങ്ങൾ കളിച്ച റാഷിദ് ഖാൻ ചുരുങ്ങിയ കാലംകൊണ്ട് 350 വിക്കറ്റുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 22കാരനായ താരം ഐപിഎൽ, ബിബിൽ, പിഎസ്എൽ, സിപിഎൽ തുടങ്ങിയ ടി20 ലീഗുകളില്‍ കളിക്കുന്നുണ്ട്. ഈ ലീഗുകളിലെല്ലാം ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് റാഷിദ്.

അഫ്ഗാനിസ്താനാണ് തനിക്ക് റാഷിദ് ഖാൻ എന്ന പേര് നൽകിയത്. അതിനാൽ എന്റെ രാജ്യത്തെയും ടീമിനെയും സേവിക്കൽ തന്റെ ചുമതലയാണെന്ന് പുതിയ സ്ഥാനലബ്ധിയോട് പ്രതികരിച്ച് റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു. ഇടംകയ്യൻ ബാറ്റ്‌സ്മാനായ നജീബുല്ല സദ്‌റാനാണ് പുതിയ വൈസ് ക്യാപ്റ്റൻ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News