വയസ് 105; 100 മീറ്ററിൽ റെക്കോർഡ്, അത്ഭുതമായി രാംബായി
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് രാംബായി ഏവരെയും അമ്പരപ്പിച്ചത്.
വഡോദര: 100 മീറ്ററിൽ 105ാം വയസിൽ റെക്കോർഡിട്ട് രാംബായി. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് രാംബായി ഏവരെയും അമ്പരപ്പിച്ചത്.
വഡോദരയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിലായിരുന്നു രാംബായി റെക്കോഡ് സ്വന്തമാക്കിയത്. ഈയിനത്തിൽ രാംബായി മാത്രമാണ് മത്സരിക്കാനുണ്ടായത്. എന്നിട്ടും രാംബായി റെക്കോർഡിലേക്ക് ഓടി. വെറും 45.40 സെക്കൻഡിലാണ് 100 മീറ്റർ പൂർത്തിയാക്കിയത്.
ഹരിയാനയിലെ ദാദ്രി സ്വദേശിനിയാണ് രാംബായ്. 100 മീറ്റര്‍ 74 സെക്കന്‍ഡുകൊണ്ട് മറികടന്ന മാന്‍ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോഡുണ്ടായിരുന്നത്. അടുത്തതായി 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി. 1917 ജനുവരി ഒന്നിന് വഡോദരയില്‍ ജനിച്ച രാംബായി ദിവസവും ഒരു ലിറ്റര്‍ പാല്‍ കുടിച്ചാണ് കായികക്ഷമത നിലനിര്‍ത്തുന്നത്.
'എപ്പോഴും തയ്യാറായിരുന്നു, പക്ഷേ ഇതിന് മുമ്പ് ആരും എനിക്ക് അവസരം നൽകിയില്ലെന്നുമായിരുന്നു എന്തുകൊണ്ടാണ് നേരത്തെ മത്സരിക്കാത്തതെന്ന് ചോദിച്ചപ്പോഴുള്ള രാംബായിയുടെ മറുപടി. എന്തെങ്കിലും ചെയ്യാന്‍ പ്രായമൊരു തടസമല്ലെന്നും രാംബായ് പറഞ്ഞുവെക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങളും ഇന്ത്യാ വിഭജനത്തിനും സാക്ഷിയായ രാംബായി കോവിഡെന്ന മഹാമാരിക്കിടെയാണ് ജീവിക്കുന്നത്. ഇതൊക്കെ സംഭവിച്ചെങ്കിലും രാംബായ് തന്റെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ടില്ല.
Summary- Rambai creats record in National Open Masters Athletics Championship