ആസ്‌ത്രേലിയക്ക് 'അശ്വിൻ ഫോബിയ'; അപരനെ ഇറക്കി പരിശീലനം
കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആളൂരിലെ ഗ്രൗണ്ടിലാണ് ആസ്‌ത്രേലിയൻ ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്.
ബംഗളൂരു: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുന്ന ആസ്ത്രേലിയ ഏറ്റവും അധികം ഭയക്കുന്ന ബോളര്‍മാരില്‍ ഒരാള്‍ ആര്‍. അശ്വിനാണ്. ഇന്ത്യയുടെ സ്പിന്‍ മാന്ത്രികനായ അശ്വിന് ആസ്ത്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പക്കായി ഇന്ത്യയിലെത്തിയ ആസ്ത്രേലിയന്‍ ബാറ്റര്‍മാര്‍ അശ്വിനെ നേരിടാനുള്ള കഠിന പരിശ്രമങ്ങളിലാണിപ്പോള്‍. അതിനായി താരത്തിന്‍റെ അതേ ശൈലിയില്‍ പന്തെറിയുന്ന മറ്റൊരു ഇന്ത്യന്‍ സ്പിന്നറെ ക്യാമ്പിലെത്തിച്ചിരിക്കുകയാണ് ടീം.
അശ്വിന് സമാനമായ രീതിയില്‍ പന്തെറിയുന്ന ബറോഡ താരം മഹേഷ് പിത്തിയയെയാണ് ആസ്ത്രേ്ലിയ നെറ്റ്സില്‍ പന്തെറിയാന്‍ ക്യാമ്പിലെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡക്കായി പന്തെറിയുന്ന 21 കാരൻ പിത്തിയ അശ്വിന്റെ കടുത്ത ആരാധകൻ കൂടിയാണ്. ആസ്ത്രേലിയക്കായി നെറ്റ്സില്‍ പന്തെറിയുന്ന പിത്തിയയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നെറ്റ്സില്‍ പന്തെറിയാനായത് വലിയ ഭാഗ്യമായി കാണുന്നെന്നും സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ തന്നെ അഭിനന്ദിച്ചു എന്നും പിത്തിയ പറഞ്ഞു.
കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആളൂരിലെ ഗ്രൗണ്ടിലാണ് ആസ്‌ത്രേലിയൻ ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്. അടുത്ത വ്യാഴാഴ്ചയാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.