പറക്കുന്ന ആഴ്‌സണൽ, ജയം തുടരാൻ മാഞ്ചസ്റ്റർ, പ്രതിസന്ധി മുഖത്തെ ലിവർപൂൾ... പ്രീമിയർ ലീഗിൽ ഇന്ന് മിന്നും പോരാട്ടങ്ങൾ
കാസമിറോ അരങ്ങേറും; ക്രിസ്റ്റ്യാനോ, മഗ്വയർ കളിക്കുമോ?
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ നാലാം വാരത്തിലേക്ക് കടക്കുന്ന ഇന്ന് ആരാധകരെ കൊതിപ്പിക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർട്ടൻ തുടങ്ങി കളത്തിലിറങ്ങുന്ന വൻതോക്കുകൾക്കെല്ലാം പ്രതീക്ഷയ്‌ക്കൊപ്പം ആശങ്ക കൂടിയുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്കു ശേഷം ലിവർപൂളിനെ കീഴടക്കി വിജയവഴിയിൽ പ്രവേശിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് 5 മണിക്ക് സതാംപ്ടണിനെയാണ് നേരിടുന്നത്. പോയിന്റ് ടേബിളിൽ തങ്ങളേക്കാൾ മുന്നിലുള്ള സതാംപ്ടൺ, യുനൈറ്റഡിന് എളുപ്പമുള്ള എതിരാളികളല്ല; പ്രത്യേകിച്ചും കളി സതാംപ്ടണിന്റെ ഗ്രൗണ്ടിലാണെന്നതിനാൽ. ടോട്ടനം ഹോട്‌സ്പറിനോട് തോറ്റ് സീസൺ ആരംഭിച്ച സതാംപ്ടൺ പിന്നീട് ലീഡ്‌സിനെ 2-2 സമനിലയിൽ തളയ്ക്കുകയും ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്ത ടീമാണ്.
റയൽ മാഡ്രിഡിൽ നിന്ന് ടീമിലെത്തിയ ബ്രസീലിയൻ മിഡ്ഫീൽഡർ കാസമിറോ ഇന്ന് യുനൈറ്റഡിനു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. പ്ലെയിങ് ഇലവനിൽ ഇല്ലെങ്കിലും സബ് താരങ്ങളുടെ ലിസ്റ്റിൽ കാസമിറോ ഉണ്ട്. ലിവർപൂളിനെതിരെ സൈഡ് ബെഞ്ചിലിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്യാപ്ടൻ ഹാരി മഗ്വയർ എന്നിവർ ഇന്നും സ്റ്റാർട്ടിങ് ഇലവനിൽ ഇല്ല.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 7.30 ന് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ആദ്യ രണ്ട് വിജയങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച ന്യൂകാസിലിനോട് 3-3 സമനില വഴങ്ങിയ സിറ്റിക്ക് കിരീട പ്രതീക്ഷകൾ കാക്കണമെങ്കിൽ പാലസിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. കഴിഞ്ഞയാഴ്ച ആസ്റ്റൻ വില്ലയെ 3-1 ന് ഞെട്ടിച്ച പാലസ്, ആ മികവ് സിറ്റിക്കെതിരെയും പുറത്തെടുക്കാനാവും ശ്രമിക്കുക.
സീസണിൽ ഇതുവരെ ജയമില്ലാതെ മോശം ഫോമിലുള്ള ലിവർപൂൾ 7.30 ന് ബോൺമത്തുമായി ആൻഫീൽഡിൽ ഏറ്റുമുട്ടുന്നു. ആസ്റ്റൻ വില്ലക്കെതിരെ ജയവുമായി സീസൺ ആരംഭിച്ച ബോൺമത്ത് പിന്നീട് മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ ടീമുകളുമായാണ് കളിച്ചത്. രണ്ടും തോറ്റു. മോശം ഫോമിലുള്ള ലിവർപൂളിനെ വിറപ്പിക്കുക എന്നതുതന്നെയാവും അവരുടെ ലക്ഷ്യം. അതേസമയം, സീസണിലെ ആദ്യജയം സ്വന്തം കാണികൾക്കു മുന്നിൽ കുറിക്കാനുറച്ചാണ് യുർഗൻ ക്ലോപ്പ് ടീമിനെ ഇറക്കുന്നത്.
കഴിഞ്ഞയാഴ്ച ലീഡ്‌സിനെതിരെ 3-0 ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ചെൽസി 7.30 ന് ലെസ്റ്റർ സിറ്റിയെ നേരിടുന്നു. വെറും ഒരു പോയിന്റുമായി 19-ാം സ്ഥാനത്തുള്ള ലെസ്റ്ററിനെതിരെ സ്റ്റാംഫഡ് ബ്രിഡ്ജിൽ ജയത്തിൽ കുറഞ്ഞതൊന്നും തോമസ് ടുക്കലിന്റെ സംഘം ലക്ഷ്യമിടുന്നില്ല.
മൂന്ന് എണ്ണം പറഞ്ഞ ജയങ്ങളുമായി സീസൺ ആരംഭിച്ച ആർസനൽ ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ഫുൾഹാമുമായി ഏറ്റുമുട്ടും. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മൈക്കൽ അർടേറ്റയുടെ സംഘത്തിന് എളുപ്പമാവാൻ വഴിയില്ല. രണ്ട് സമനിലകൾക്കു ശേഷം ബ്രെന്റ്‌ഫോഡിനെ തോൽപ്പിച്ച് വിജയവഴിയിലെത്തിയ ഫുൾഹാം തോൽവിയറിയാതെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.