മെഡലുറപ്പിച്ച് ബോക്‌സർമാർ; ഹോക്കിയിൽ ഇന്ത്യ സെമിയിൽ
ഹിമാ ദാസ് വനിതാ വിഭാഗം 200 മീറ്ററിൽ സെമിയിൽ കടന്നപ്പോൾ മഞ്ജു ബാല വനിതാ ഹാമർ ത്രോയില്‍ ഫൈനലിലും പ്രവേശിച്ചു
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷകളുടെ ദിനം. ഇടിക്കൂട്ടിൽ അമിത് പങ്കലും ജെയ്‌സ്മിൻ ലംബോറിയയും സാഗർ അഹ്ലാവതും മെഡലുറപ്പിച്ചു. അതേസമയം, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വെയിൽസിനെ തോൽപിച്ച് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ പ്രവേശിച്ചു. ഹിമാ ദാസ് വനിതാ വിഭാഗം 200 മീറ്ററിൽ സെമിയിൽ കടന്നപ്പോൾ മഞ്ജു ബാല വനിതാ ഹാമർ ത്രോയില്‍ ഫൈനലിലും പ്രവേശിച്ചു. ബാഡ്മിന്റൺ സിംഗിൾസിൽ പി.വി സിന്ധുവും കിടംബി ശ്രീകാന്തും പ്രീക്വർട്ടറിൽ കടന്നിട്ടുണ്ട്.
ഹോക്കിയിൽ ഗ്രൂപ്പ് 'ബി'യിലെ അവസാന മത്സരത്തിലാണ് ഇന്ത്യ ഏകപക്ഷീയമായി വെയിൽസിനെ കീഴടക്കിയത്. ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക് നേട്ടത്തിലാണ് ഇന്ത്യ വെയിൽസിനെ 4-1ന് പരാജയപ്പെടുത്തിയത്. ഗുർജന്ത് സിങ് മറ്റൊരു ഗോളും സ്വന്തമാക്കി. ഗാരത് ഫർലോങ് ആണ് വെയിൽസിന്റെ ആശ്വാസഗോൾ നേടിയത്.
ബോക്‌സിങ്ങിൽ അമിത് പങ്കലിലൂടെയാണ് ഇന്നത്തെ ആദ്യ മെഡലുറപ്പിച്ചത്. 51 കി.ഗ്രാം പുരുഷ വിഭാഗത്തിൽ സ്‌കോട്ട്‌ലൻഡിന്റെ ലെന്നൻ മുളിഗനെയാണ് മലർത്തിയടിച്ചത്. വനിതാ വിഭാഗം ബോക്‌സിങ്ങിൽ ജെയ്‌സ്മിൻ ന്യൂസിലൻഡിൻ്‌റെ ട്രോയ് ഗാർട്ടനെയാണ് കീഴടക്കിയത്. 60 കി.ഗ്രാമിലാണ് 20കാരി ഇന്ത്യയ്ക്കുവേണ്ടി ഒരു മെഡൽ കൂടി സ്വന്തമാക്കിയിരിക്കുന്നു. അധികം വൈകാതെ പുരുഷ വിഭാഗത്തിൽ തന്നെ സാഗർ അഹ്ലാവത്തും ഇന്ത്യയുടെ മറ്റൊരു മെഡൽ ഉറപ്പാക്കി. പുരുഷ വിഭാഗം സൂപ്പർ ഹെവിവെയ്റ്റിൽ 5-0ത്തിന്റെ ഏകപക്ഷീയ ജയമാണ് കൈപ്പിടിയിലാക്കിയത്.
18 മെഡലുകളുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. അഞ്ച് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 48 സ്വർണമടക്കം 125 മെഡലുകളുമായി ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. 109 മെഡലുകളുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.
രണ്ടു തവണ ഒളിംപിക്‌സ് മെഡൽ ജേതാവായ സിന്ധു മാലദ്വീപിന്റെ ഫാത്തിമത് നബാഹ അബ്ദുൽ റസാഖിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് നബാഹയെ തകർത്തത്. ഉഗാണ്ടയുടെ ഡാനിയൽ വനാഗാലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തായിരുന്നു ശ്രീകാന്ത് അവസാന 16-ൽ ഇടംപിടിച്ചത്.
Summary: Commonwealth Games 2022 Updates