ഇന്ത്യക്ക് ആശങ്കയായി ഗില്ലിന്റെ പരിക്ക്; ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ നിർണായക മാറ്റങ്ങൾ
രോഹിത് ശർമക്ക് പകരം ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറക്ക് കീഴിലാകും ഇന്ത്യ ഇറങ്ങുക
പെർത്ത്: ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യക്ക് ആശങ്കയായി തുടർ പരിക്കുകൾ. ഏറ്റവുമൊടുവിൽ ശുഭ്മാൻ ഗില്ലിനാണ് പരിക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ സന്നാഹ മത്സരത്തിനിടെ കെ.എൽ രാഹുലിനും വിരാട് കോഹ്‌ലിക്കും പരിക്കേറ്റിരുന്നു. എന്നാൽ ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയുണ്ടാകില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ജസ്പ്രീത് ബുംറക്ക് കീഴിലാകും ഇന്ത്യ കളത്തിൽ ഇറങ്ങുക.
രോഹിത് വിട്ടുനിൽക്കുന്നതോടെ പെർത്തിൽ പുതിയ ഓപ്പണറെ സന്ദർശകർക്ക് കണ്ടെത്തേണ്ടിവരും. പരിക്ക് മാറി പരിശീലനത്തിന് ഇറങ്ങിയതിനാൽ ജയ്‌സ്വാളിനൊപ്പം പരിചയസമ്പന്നനായ കെ.എൽ രാഹുലാകും ഓപ്പണിങ് റോളിലെത്തുക. ഗിൽ പെർത്ത് ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായതിനാൽ അഭിമന്യു ഈശ്വറിന് വൺഡൗണായി അവസരം ലഭിച്ചേക്കും. അഭിമന്യുവിനെ ഓപ്പണിങ് റോളിൽ പരീക്ഷിച്ചാൽ രാഹുൽ ഒരു സ്ഥാനം താഴേക്കിറങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. നാലാം നമ്പറിൽ വിരാട് കോഹ്‌ലി ഇറങ്ങുമ്പോൾ അഞ്ചാമനായി ഋഷഭ് പന്ത് ക്രീസിലെത്തും. ആറാമനായി സർഫറാസ് ഖാനോ ധ്രുവ് ജുറേലോ കളത്തിലിറങ്ങും. നേരത്തെ അനൗദ്യോഗിക ടെസ്റ്റിൽ ജുറേൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റിൽ നിന്ന് മാറ്റംവരുത്താൻ തയാറായില്ലെങ്കിൽ സർഫാറിന് നറുക്ക് വീഴും. പേസർമാരെ തുണക്കുന്ന പെർത്തിലെ പിച്ചിൽ ഇന്ത്യ ഒരു സ്പിന്നറെ മാത്രമാകും കളത്തിലിറക്കുക. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലെത്തുമ്പോൾ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അശ്വിനും ഇടംപിടിച്ചേക്കും. ക്യാപ്റ്റൻ ബുംറക്കൊപ്പം മുഹമ്മദ് സിറാജും ആകാശ്ദീപുമാകും പേസ് ആക്രമണത്തിന് നേതൃത്വം നൽകുക.
അതേസമയം, ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലിയുടെ ഫോം നിർണായകമാകുമെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് പറഞ്ഞു. ഇന്ത്യ പരമ്പര സ്വന്തമാക്കണമെങ്കിൽ കോഹ്‌ലി ടൂർണമെന്റിലെ ടോപ് റൺസ് സ്‌കോററാകണം. തൊട്ടുപിന്നിൽ ഋഷഭ് പന്തുമെത്തണം. ഇരുവരും തിളങ്ങിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും ക്ലാർക്ക് പറഞ്ഞു.